ദോഹ: 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ നിര്‍ണായക മല്‍സരത്തില്‍ നാളെ ഏഷന്‍ ചാംപ്യന്മാരും ആതിഥേയരുമായ ഖത്തര്‍ മേഖലയിലെ പ്രധാന എതിരാളിയായ യുഎഇയുമായി കൊമ്പുകോര്‍ക്കും. ഇതിനകം ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്ന മ്രല്‍സരം വീക്ഷിക്കാന്‍ ഖലീഫ സ്റ്റേഡിയത്തില്‍ 40,000ഓളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 5.30നാണ് മല്‍സരം.
ഇരു ടീമും ഇറാഖിനോട് തോല്‍ക്കുകയും യമനോട് ഗംഭീര വിജയം നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ സെമിയിലെത്തുന്നതിന് മല്‍സരം യുഎഇക്കും ഖത്തറിനും ഒരുപോലെ നിര്‍ണായകമാണ്. ഗോള്‍ ശരാശരി പ്രകാരം ഒരു ഡ്രോ ലഭിച്ചാലും ഖത്തറിന് സെമിയിലെത്താം. എന്നാല്‍, 2017ലെ ഫൈനലിസ്റ്റായ യുഎഇക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഖത്തറിനെതിരേ വിജയിച്ചേ തീരൂ.
വിജയം ലക്ഷ്യമിട്ടു തന്നെയായിരിക്കും തിങ്കളാഴ്ച്ച കളത്തിലിറങ്ങുകയെന്ന് ഖത്തര്‍ കോച്ച് ഫെലിക്‌സ് സാഞ്ചസ് പറഞ്ഞു. ഡ്രോ മതിയാവുമെന്നറിയാം. എന്നാല്‍, ഡ്രോ ലക്ഷ്യമിട്ട് കളിക്കുക റിസ്‌കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
#Qatar move to second place in Group A after tonight’s games#GulfCup2019 pic.twitter.com/kncsTLc2KP
— Qatar Football Association 🇶🇦 (@QFA_EN) November 29, 2019
യുഎഇയെ സംബന്ധിച്ചിടത്തോളം ഖത്തറിനെതിരായ മല്‍സരം കടുത്ത പരീക്ഷണമായിരിക്കുമെന്ന് ടീം കോച്ച് ബെര്‍ട്ട് വാന്‍ മാര്‍വിക്ക് സമ്മതിച്ചു. ഖത്തര്‍ മികച്ച ടീമാണ്. എന്നാല്‍, വിജയിക്കുന്നതിന് എല്ലാ അടവുകളും പുറത്തെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫിഫ ലോക റാങ്കിങ് പ്രകാരം ഖത്തര്‍ 55ാം സ്ഥാനത്തും യുഎഇ 71ാം സ്ഥാനത്തുമാണ്. ഇതുവരെ ഇരുടീമുകളും നേര്‍ക്കു നേര്‍ കണ്ടപ്പോള്‍ ഖത്തര്‍ 12 ജയവും 10 പരാജയവും ഏറ്റുവാങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം യുഎഇയില്‍ നടന്ന ഏഷ്യന്‍ കപ്പ് സെമി ഫൈനലിലാണ് ഇരു ടീമുകളും അവസാനമായി മുട്ടിയത്. അന്ന് എതിരില്ലാത്ത നാല് ഗോളിന് ഖത്തര്‍ യുഎഇയെ നാണംകെടുത്തുകയായിരുന്നു.
ജനുവരിയില്‍ അബൂദബിയില്‍ നടന്ന പോരാട്ടത്തില്‍ യുഎഇ കാണികളുടെ പെരുമാറ്റം ഉപരോധത്തെ തുടര്‍ന്നുള്ള വൈരം സൂചിപ്പിക്കുന്നതായിരുന്നു. ഖത്തരി ദേശീയ ഗാനത്തിലുടനീളം കൂവി വിളിക്കുകയും എഴുന്നേല്‍ക്കാതിരിക്കുകയും ചെയ്ത യുഎഇ കാണികളുടെ പെരുമാറ്റം വിമര്‍ശനത്തിനിടയാക്കിയിരുന്നു. കളിക്കിടയില്‍ ഖത്തരി താരങ്ങള്‍ക്കു നേരെ ചെരിപ്പും കുപ്പികളും വലിച്ചെറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുഎഇ ഫുട്‌ബോള്‍ അസോസിയേഷന് 1,50,000 ഡോളര്‍ പിഴയിട്ടിരുന്നു.
അതേ സമയം, നാളത്തെ മല്‍സരത്തില്‍ ഖത്തറിലെ കാണികളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് അറേബ്യന്‍ ഗള്‍ഫ് കപ്പ് മീഡിയ വിഭാഗം മേധാവി അലി അല്‍ സലാത്ത് പറഞ്ഞു.
നാളെ മറ്റൊരു മല്‍സരത്തില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയ ഇറാഖ് യമനെ നേരിടും. ഗ്രൂപ്പ് ബിയില്‍ 10 തവണ ചാംപ്യന്‍മാരായ കുവൈത്തും ബഹ്‌റയ്‌നും ഏറ്റുമുട്ടും. ഒമാനും സൗദി അറേബ്യയും തമ്മിലാണ് മൂന്നാമത്തെ മല്‍സരം.