ദോഹ: സൂഖ് വാഖിഫില്‍ രണ്ടാമത് പുഷ്പമേളയ്ക്കു തുടക്കമായി. 10 നാള്‍ നീണ്ടു നില്‍ക്കുന്ന മേള സൂഖ് വാഖിഫിലെ വെസ്റ്റ് സ്‌ക്വയറിലാണു നടക്കുന്നത്.
ഇത്തവണത്തെ മേളയില്‍ 21 ഫാമുകളും നഴ്‌സറികളും പങ്കെടുക്കുന്നുണ്ടെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സാലിം പറഞ്ഞു. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 10 വരെയുമാണ് മേള പ്രവര്‍ത്തിക്കുക.
പൂന്തോട്ടത്തിലേക്ക് പുതിയ ചെടികള്‍ തേടുന്നവര്‍ക്കും ഉപഭോക്താക്കളെ തേടുന്ന കൃഷിക്കാര്‍ക്കും പ്രോല്‍സാഹനം നല്‍കുന്നതിന് വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നതെന്ന് അല്‍ സാലിം പറഞ്ഞു. വിവിധ തരത്തിലുള്ള പൂക്കള്‍, ചെടികള്‍, മരങ്ങള്‍, വിത്തുകള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്.
ഖത്തറില്‍ ലഭ്യമായ വിവിധ തരത്തിലുള്ള പൂക്കളും ചെടികളും ഒരേ കുടക്കീഴില്‍ ലഭിക്കുമെന്നതാണ് സൂഖ് വാഖിഫ് പുഷ്പ മേളയുടെ പ്രത്യേകത. ഉപഭോക്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.