ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ചംഗ സംഘത്തെ പിടികൂടി

ദോഹ: ഖത്തര്‍ ആഭ്യന്തര വകുപ്പിലെ മയക്കുമരുന്ന് വിഭാഗം വന്‍മയക്കുമരുന്ന് കള്ളക്കടത്ത് തകര്‍ത്തു. 100 കിലോഗ്രാം ഹഷീഷ് രാജ്യത്തേക്ക് കടത്തി വിതരണം ചെയ്യാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെയാണ് പിടികൂടിയത്. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ളവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കള്ളക്കടത്തുകാരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. സംശയിക്കപ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് വലയിലാക്കിയത്.

ഒരു വെയര്‍ഹൗസില്‍ നിന്നാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്. മാര്‍ബിള്‍ കല്ലുകളോടൊപ്പം കണ്ടെയ്‌നറുകളിലാക്കിയാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്. കണ്ടെയ്‌നറുകള്‍ പൊളിച്ച് മയക്കുമരുന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

സിലിണ്ടര്‍ രൂപത്തിലുള്ള 192 കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 100 കിലോഗ്രാമോളം ഹഷീഷ് ആണ് പിടികൂടിയത്. രാജ്യത്ത് വില്‍പ്പന നടത്താനായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് പിടിയിലായവര്‍ സമ്മതിച്ചു.