ദോഹ: നാവില്‍ കൊതിയൂറും രുചിവൈവിധ്യവുമായി 11ാമത് അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ലൈവ് കുക്കിങ്, ക്ലാസിക്കല്‍ സര്‍ക്കസ്, വെടിക്കെട്ട് ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ ഉള്‍പ്പെടുത്തി അല്‍ ബിദ്ദ പാര്‍ക്കിലാണ് ഭക്ഷ്യമേള നടക്കുന്നത്.
അല്‍ ബിദ്ദ പാര്‍ക്കില്‍ ഡിസംബര്‍ 17 വരെയും കോര്‍ണിഷില്‍ ഡിസംബര്‍ 3 വരെയുമാണ് മേള നടക്കുക. ലോക പ്രശസ്തരായ 16 ഷെഫുമാര്‍ ഇത്തവണ മേളയിലുണ്ടാവും.
സാധാരണ ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ 11 വരെയും അവധി ദിവസങ്ങളില്‍ 3 മുതല്‍ പുലര്‍ച്ചെ 1 മണിവരെയുമാണ് ഭക്ഷ്യമേള. വിവിധ ഫുഡ് സ്റ്റാളുകള്‍, ഫുഡ് ട്രക്കുകള്‍, ലൈവ് കുക്കിങ് ഷോ, മാസ്റ്റര്‍ ക്ലാസ്, മറ്റ് വിനോദ പരിപാടികള്‍ തുടങ്ങിയവ നടക്കും.
അതേ സമയം, കോര്‍ണിഷില്‍ ദോഹ ലൈറ്റ്‌സ് ഫെസ്റ്റിവലിനും തുടക്കമായി. കോര്‍ണിഷ് തീരത്താണ് വര്‍ണ വിളക്കുകളും വെടിക്കെട്ടും ഉള്‍പ്പെടുന്ന ഈ മേള. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി.
ഗതാഗത നിയന്ത്രണം
അറബ് കപ്പിന്റെയും അനുബന്ധ പരിപാടികളുടെയും ഭാഗമായി കോര്‍ണിഷ് സ്ട്രീറ്റ് ഡിസംബര്‍ 4 വരെ അടച്ചു. എ, ബി, സി റിങ് റോഡുകള്‍, 22 ഫെബ്രുവരി, സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍, മുഹമ്മദ് ബിന്‍ ഥാനി സ്ട്രീറ്റ്, അല്‍ മര്‍ക്കിയ സ്ട്രീറ്റ്, അല്‍ ഇസ്തിഖ്ബാല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. രാവിലെ 6 മുതല്‍ 8.30 വരെ, ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ, വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ എന്നീ സമയങ്ങളിലാണ് വിലക്ക്.