ദോഹ: ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ ഒന്നര ലക്ഷത്തോളം ഏഷ്യന്‍ പ്രവാസികളും ആടിയും പാടിയും വിവിധ വേദികളില്‍ പങ്കാളികളാവും. പ്രവാസികള്‍ക്കു വേണ്ടി ദേശീയ 10 വേദികളിലായാണ് ഇക്കുറി ദേശീയ ദിന അനുബന്ധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യക്കാരായ പ്രവാസികള്‍ക്കൊപ്പം, കമ്പനികള്‍, ഏഷ്യന്‍ സ്‌കൂളുകള്‍ എന്നിവയുമായി സഹകരിച്ചാണ് 12 മെഗാ മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ഓഫിസേഴ്‌സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മിഷന്‍സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റിലെ കേണല്‍ മഖ്ബൂത്ത് അല്‍ മര്‍റി, ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ലഫ്റ്റനന്റ് ഹമദ് അലി അല്‍ ജഹ്‌വീല്‍ എന്നിവര്‍ സംബന്ധിച്ചു.
വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബ്, ബര്‍വ അല്‍ ബറാഹ, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ അക്കോമഡേഷന്‍ സിറ്റി, ഏഷ്യന്‍ ടൗണ്‍, ദോഹ സ്‌റ്റേഡിയം, ദോഹയിലെ ശ്രീലങ്കന്‍ സ്‌കൂള്‍, മുകൈനിസിലെ ബര്‍വ വില്ലേജ്, ഷഹാനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ലുസൈല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, അല്‍ഖോര്‍ ബര്‍വ റിക്രിയേഷന്‍ ക്ലബ്ബ് എന്നിവിടങ്ങളിലാണ് വിവിധ രാജ്യക്കാരായ പ്രവാസികള്‍ പങ്കെടുക്കുന്ന നൃത്ത, സംഗീത പരിപാടികള്‍ നടക്കുക.
ഏഷ്യന്‍ ടൗണ്‍(ഇന്‍ഡസ്ട്രിയല്‍ ഏരിയ)
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഇന്ത്യ, ബംഗ്ലാദേശി, നേപ്പാളി പ്രവാസികള്‍ പങ്കടുക്കുന്ന പ്രധാന പരിപാടികള്‍ നടക്കുന്നത്. ഗാനമേള, ഹാസ്യമേള, ഖവ്വാലി തുടങ്ങിയ പരിപാടികള്‍ നടക്കും. ഏഷ്യന്‍ ടൗണിലും ഏഷ്യന്‍ അക്കോമഡേഷന്‍ സിറ്റിയിലും നടക്കുന്ന പരിപാടികളില്‍ സാബ്രി ബ്രദേഴ്‌സ്, ദീപക് മഹാന്‍ തുടങ്ങിയ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കും. 30,000ഓളം ഇവിടെ നടക്കുന്ന പരിപാടികളില്‍ പങ്കാളികളാവും.
വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബ്
വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ കെഎംസിസിയുടെ നേൃത്വത്തില്‍ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, കളരി തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും. വൈകീട്ട് 3 മുതല്‍ 9 വരെ ഇന്‍ഡോര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നക്കുന്ന ഗാനമേളയില്‍ പ്രമുഖ ഗായകരായ വൈഷ്ണവ് ഗിരീഷ്, യുംന ഒജിന്‍ തുടങ്ങിയവര്‍ പാടും.
ബര്‍വ അല്‍ ബറാഹ ഇന്‍ഡസ്ട്രിയല്‍ ഏരിയ
ബര്‍വ അല്‍ ബറാഹയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 3 മുതല്‍ 9 വരെ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന അറബിക് ഡാന്‍സ്, കള്‍ച്ചറല്‍ ഫ്യൂഷന്‍, ചെണ്ടമേളം, ഗാനമേള തുടങ്ങിയ പരിപാടികള്‍ നടക്കും. ശ്രീലങ്ക, ഇന്തോനേഷ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പരിപാടികളും വിവിധ വേദികളിലായി നടക്കും.
ട്വന്റി20 ക്രിക്കറ്റ്
ദേശീയ ദിന അനുബന്ധ പരിപാടികളുടെ ഭാഗമായി ഏഷ്യന്‍ ടൗണില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് മാച്ചില്‍ ഖത്തര്‍ ടീമും ഇന്റര്‍നാഷനല്‍ ടീമും തമ്മില്‍ ഏറ്റുമുട്ടും. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് മല്‍സരം. പ്രമുഖ പാകിസ്താന്‍ താരങ്ങളായ അബ്ദുല്‍ റസാഖ്, ഇംറാന്‍ ഫര്‍ഹത്ത്, കംറാന്‍ അക്മല്‍, റാണ നവീദുല്‍ ഹസന്‍, സല്‍മാന്‍ ഭട്ട, സുഹൈല്‍ തന്‍വീര്‍, ജഹാന്‍സേബ് നവീദ്, ശ്രീലങ്കന്‍ താരം അജന്ത മെന്റിസ് തുടങ്ങിയവര്‍ ഇന്റര്‍നാഷനല്‍ ടീമിനു വേണ്ടി കളിക്കും. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരേഡ്, തീമാറ്റിക് ഷോ, തീമാറ്റിക് സോങ്, പ്രസംഗം തുടങ്ങിയ പരിപാടികള്‍ രാവിലെ 9 മുതല്‍ വൈകീട്ട് 4.30വരെ നടക്കും.
വിവിധ കമ്പനികളില്‍ നിന്നുള്ള തൊഴിലാളികളും പരിസര വാസികളും ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം പേര്‍ പരിപാടികളില്‍ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് വേദികളിലെത്താന്‍ ആവശ്യമായ വാഹന സൗകര്യം കമ്പനികള്‍ ഒരുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് യൂസുഫ് ജഹാം അല്‍ കുവാരി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, വിവിധ പ്രവാസി സമൂഹങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു.