Sunday, October 24, 2021
HomeGulfQatarഖത്തറിന്റെ ചുവരുകളില്‍ വര്‍ണചിത്രമൊരുക്കാന്‍ 17 കലാകാരന്മാര്‍

ഖത്തറിന്റെ ചുവരുകളില്‍ വര്‍ണചിത്രമൊരുക്കാന്‍ 17 കലാകാരന്മാര്‍

ദോഹ: ദോഹ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചുവരുകളില്‍ വര്‍ണചിത്രങ്ങളൊരുക്കാന്‍ 17 കലാകാരന്മാര്‍ ഒരുങ്ങുന്നു. ഖത്തര്‍ മ്യൂസിയത്തിന്റെ ജെദാരി ആര്‍ട്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് ചുവരുകളില്‍ ചിത്രമൊരുക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ തുടക്കം കുറിച്ച പദ്ധതി ഒരു മാസം നീളും. കൃത്യമായി ആസൂത്രണം ചെയ്ത ചുവര്‍ ചിത്രങ്ങളും തെരുവ് കലയും ചുവരുകള്‍ക്ക് ജീവന്‍ നല്‍കും.

ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സുപ്രിം കമ്മിറ്റി, ക്യുറെയില്‍, വുഖൂദ്, ഫയര്‍ സ്റ്റേഷന്‍ ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി. അല്‍ അബ്‌റജ് പാര്‍ക്ക്, അല്‍ അസ്മക് ഏരിയ, ദോഹ ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍ചേഞ്ച്, അല്‍ഖോര്‍ ഇന്റര്‍ചേഞ്ച്, പോസ്റ്റ് ഓഫിസ് പാര്‍ക്ക്, 5/6 പാര്‍ക്ക്, 5/6 ഫ്‌ളൈ ഓവര്‍, ഖത്തര്‍ നാഷനല്‍ ലൈബ്രറി മെട്രോ സ്‌റ്റേഷന്‍, ഫരീജ് ഖുലൈബിലെ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളാണു ചിത്രങ്ങളൊരുക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

മുബാറക് അല്‍ മാലിക്, ഹുദ ബസാഹല്‍, നൂറ അല്‍ മന്‍സൂരി, ദിമിത്രിജെ ബുഗര്‍സ്‌കി, നദ ഖൊസെസ്താനി, ശരീഫ അല്‍ മന്നായി, തമര്‍ അല്‍ ദോസരി, മുന അല്‍ ബദര്‍, ഫാത്തിമ അല്‍ ഷര്‍ശാനി, മിഖായേല്‍ പെറോണ്‍, മര്‍യം അല്‍ മദാദി, ശുആ അല്‍ കുവാരി, അബ്ദുല്‍ അസീസ് യൂസുഫ്, അബ്ദുല്ല അല്‍ ഇമാദി, അല്‍ അനൂദ് അല്‍ ഗംദി, ഹൈഫ അല്‍ ഖുസായി, ഐഷ അല്‍ ഫദല തുടങ്ങിയവര്‍ ഈ ചുവരുകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കും. ചുവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവര്‍ #OurPublicArt എന്ന ഹാഷ് ടാഗ് ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.

17 artists paint murals across Doha for Qatar Museums initiative

Most Popular