കൊറോണ: ഇറാനില്‍ നിന്ന് എത്തിച്ച 121 പേരെ പുറത്തുവിട്ടു

corona in qatar evacuated iran

ദോഹ: കൊറോണ പടര്‍ന്നുപിടിച്ച ഇറാനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിച്ച് മാറ്റിപ്പാര്‍പ്പിച്ചവരില്‍ 121 പേരെ പുറത്തുവിട്ടു. ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ക്ക് അന്താരാഷ്ട്ര നിവലാരപ്രകാരം നടത്തിയ പരിശോധനയില്‍ കൊറോണ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് പുറത്തുവിട്ടത്.

ഇറാനില്‍ കൊറോണ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 29ന് ആണ് അവിടെയുണ്ടായിരുന്ന മുഴുവന്‍ ഖത്തരി പൗരന്മാരെയും പ്രത്യേക വിമാനത്തില്‍ രാജ്യത്തെത്തിച്ചത്. തുടര്‍ന്ന് ഇവരെ 14 ദിവസത്തേക്ക് ഒരു ഹോട്ടലില്‍ പ്രത്യേകമായി പാര്‍പ്പിക്കുകയായിരുന്നു. ഇവരില്‍ ഏതാനും പേര്‍ക്ക് നേരത്തേ കൊറോണ സ്ഥിരീകരിച്ചിരുന്നു.

അവസാന പരിശോധനയിലും ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുറത്തുവിട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ ഒരാഴ്ച്ച കൂടി ഇവരോട് സ്വമേധയാ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇന്നലെ 238 പേര്‍ക്ക് ഒരുമിച്ച കൊറോണ സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചിരുന്നു. നേരത്തേ കൊറോണ കണ്ടെത്തിയവരുമായി ബന്ധപ്പെട്ടതിനാല്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ ഭൂരിഭാഗവും ആരോഗ്യമുള്ള തൊഴിലാളികളായതിനാല്‍ രോഗം വലിയതോതില്‍ വഷളാവാന്‍ സാധ്യതയില്ലന്ന് അധികൃതര്‍ വ്യക്തമാക്കി.

രോഗികളുമായി ബന്ധപ്പെട്ടിരുന്ന 800ലേറെ പേര്‍ കൂടി നിലവില്‍ ക്വാരന്റൈനില്‍ ഉണ്ട്.