മൂന്ന് ഖത്തരികളും 35 പ്രവാസികളും ഉള്‍പ്പെടെ 38 പേര്‍ക്ക് കൂടി കൊറോണ

corona in qatar

ദോഹ: ഖത്തറില്‍ 38 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 439 ആയി.

38 പേരില്‍ മൂന്ന് പേര്‍ ഖത്തരികളാണ്. ബ്രിട്ടന്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഈയിടെ നാട്ടിലെത്തിയവരാണ് ഇവര്‍. ബാക്കിയുള്ളവര്‍ മുഴുവന്‍ പ്രവാസികളാണ്. ഇവരില്‍ ഭൂരിഭാഗവും നിരീക്ഷണത്തിലുള്ളവരും നേരത്തേ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി അടുത്തിടപഴകിയിരുന്നവരും ആയിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെ 8,375 പേരെയാണ് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 4 പേര്‍ ഇതിനകം രോഗവിമുക്തി നേടിയിട്ടുണ്ട്.