ഖത്തറില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 392 പേര്‍ക്ക്; രോഗികള്‍ 4000 കവിഞ്ഞു

qatar new corona cases

ദോഹ: ഖത്തറില്‍ ഇന്ന് 392 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 9 പേര്‍ക്ക് രോഗം ഭേദമായി.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. നേരത്തേ രോഗംകണ്ടെത്തിയവരുമായി സമ്പര്‍ക്കത്തിലായിരുന്ന ഏതാനും സ്വദേശികള്‍ക്കും രോഗം കണ്ടെത്തി. ശ്വസന സംവിധാനത്തില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടവരില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്ന പ്രക്രിയ ഊര്‍ജിതവും കാര്യക്ഷമവുമാക്കിയത് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകെ 4103 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഏഴു പേര്‍ മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1897 പേരില്‍ നടത്തിയ പരിശോധനയിലാണ് 392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 56,381 പേരിലാണ് ഇതുവരെയായി രാജ്യത്ത് കൊറോണ പരിശോധന നടത്തിയത്. 415 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 3681 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

392 test positive for COVID-19 in Qatar on Thursday, nine make recovery