Friday, October 7, 2022
HomeNewsfeedഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രിസഭ; വിശദാംശങ്ങള്‍ അറിയാം

ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രിസഭ; വിശദാംശങ്ങള്‍ അറിയാം

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇനി പറയുന്ന നിയന്ത്രണങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച മുതലാണ് ഇത് നടപ്പില്‍ വരിക.

1. ഷോപ്പിങ് കോംപ്ലക്‌സുകളില്‍ പരമവാധി 30 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം. 16 വയസ്സുള്ളവര്‍ക്ക് വാണിജ്യ കേന്ദ്രങ്ങളില്‍ പ്രവേശനമില്ല. വാണിജ്യ കേന്ദ്രങ്ങളിലെ റസ്റ്റൊറന്റുകള്‍ അടച്ചിട്ട നടപടി തുടരും. ഇവിടെ ഡെലിവറി സേവനം മാത്രം

2. റസ്റ്റൊറന്റുകളിലും കഫേകളിലും അകത്തിരുന്ന ഭക്ഷണം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ല. ഡെലിവറി, പാര്‍സല്‍ സേവനം അനുവദിക്കും

3. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ജോലിക്കാരുടെ എണ്ണം പരമാവധി 50 ശതമാനം മാത്രം. ബാക്കിയുള്ളവര്‍ വീടുകളില്‍ ജോലി തുടരണം

4. ജോലി സ്ഥലത്തെ മീറ്റിങ്ങുകള്‍ മുഴുവന്‍ ഓണ്‍ലൈനിലേക്കു മാറ്റണം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പരമാവധി അഞ്ച് പേരെ വച്ച് മീറ്റിങ് ചേരാം

5. മസ്ജിദുകളില്‍ അഞ്ച് നേരത്തേ നമസ്‌കാരവും ജുമുഅ നമസ്‌കാരവും അനുവദിക്കും. എന്നാല്‍, റമദാനിലെ തറാവീഹ് നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം. 12 വയസ്സിന് താഴെയുള്ളവരെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കില്ല.

6. എല്ലാ തരത്തിലുള്ള സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പുറത്ത് പരമാവധി അഞ്ചു പേരുടെ ഒത്തുചേരല്‍ നടത്താം.

6. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും വിവാഹത്തിനുള്ള നിരോധനം തുടരും

7. പാര്‍ക്കുകള്‍, ബീച്ചുകള്‍ കോര്‍ണിഷ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തൂകൂടുന്നതും ഇരിക്കുന്നതും അനുവദനീയമല്ല. എന്നാല്‍, നടത്തം, ജോഗിങ് തുടങ്ങിയ വ്യക്തിഗത കായിക പരിപാടികള്‍ അനുവദിക്കും

8. വാഹനത്തില്‍ നാലുപേരില്‍ കൂടുതല്‍ പാടില്ലെന്ന നിയന്ത്രണം തുടരും

9. ബസ്സുകളില്‍ പരമവാധി ആളുകളുടെ എണ്ണം 20 ശതമാനമാക്കി ചുരുക്കി. വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാവില്ല. ചില പ്രത്യേക റൂട്ടുകളില്‍ സര്‍വീസ് റദ്ദാക്കി.

10. മെട്രോയില്‍ പരമവാധി ആളുകളുടെ എണ്ണം 20 ശതമാനമാക്കി ചുരുക്കി. വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാവില്ല.

11. ഡ്രൈവിങ് സ്‌കൂളുകള്‍ പൂട്ടിയ നടപടി തുടരും

12. സിനിമാ തിയേറ്ററുകള്‍ അടച്ചു

13. നഴ്‌സറികള്‍ അടച്ചു

14. സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും സേവനം ഓണ്‍ലൈനില്‍ മാത്രം

15. പബ്ലിക് മ്യൂസിയങ്ങളും ലൈബ്രറികളും അടച്ചു

16. എല്ലാ കോണ്‍ഫറന്‍സുകളും എക്‌സിബിഷനുകളും മറ്റു പരിപാടികളും മാറ്റി വച്ചു

17. വന്‍തോതില്‍ ജനങ്ങള്‍ ഒത്തുകൂടുന്ന പരമ്പരഗത സൂഖുകളില്‍ 30 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം. ഇവ വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടണം

18. ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍ സലൂണുകളും പൂട്ടി

19. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും എന്റര്‍ടെയിന്‍മെന്റ് സെന്ററുകളും അടച്ചു

20. ഹെല്‍ത്ത് ക്ലബ്ബുകള്‍, മസാജ്, , സോന, സ്റ്റീം റൂം, ജാക്കുസി സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ച നടപടി തുടരും

21. പ്രാദേശിക, അന്തര്‍ദേശീയ കായിക പരിപാടികള്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടണം

22. ഹോള്‍ സെയില്‍ മാര്‍ക്കറ്റുകളില്‍ 30 ശതമാനം പേര്‍ മാത്രം. ഇവിടെ 16 വയസ്സിന് താഴെയുള്ളവര്‍ക്കു പ്രവേശനമില്ല

23. സ്വിമ്മിങ് പൂളുകളും, വാട്ടര്‍ പാര്‍ക്കുകളും അടച്ച നടപടി തുടരും

24. ഹോസ്പിറ്റാലിറ്റി, ക്ലീനിങ് സര്‍വീസുകള്‍ കരാര്‍ എടുത്തകമ്പനികളില്‍ പ്രവര്‍ത്തി സമയങ്ങളില്‍ അനുവദിക്കില്ല. അത്തരം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ സേവനം നല്‍കാം. വീടുകളില്‍ സാമൂഹിക അകലം പാലിച്ച് ഒരാള്‍ മാത്രമായി സേവനം നല്‍കാം.

ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നല്‍കുന്ന കൂടുതല്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. ആഭ്യന്തര മന്ത്രാലയം, വ്യാപാര വ്യവസായ മന്ത്രാലയം, മറ്റു ഏജന്‍സികള്‍ തുടങ്ങിയവയ്ക്ക് അവരുടെ അധികാര പരിധിയില്‍പ്പെട്ട മറ്റു നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാവുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സേവനത്തിലേക്ക് മാറാനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രണം നിലവിലുള്ളതു പോലെ തുടരും.

Most Popular