ഖത്തറില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 567 പേര്‍ക്ക്; ഒരു മരണം കൂടി

567 corona cases in qatar

ദോഹ: ഖത്തറില്‍ ഇന്ന് 567 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 6015 ആയി ഉയര്‍ന്നു. അതേ സമയം, കൊറോണ ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ മരിച്ച കൊറോണ ബാധിതരുടെ എണ്ണം 9 ആയി.

56 വയസ്സുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. ഇയാള്‍ക്ക് നേരത്തേ മറ്റ് അസുഖങ്ങളുണ്ടായിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് ഇത് സങ്കീര്‍ണമായതാണ് മരണകാരണമായത്. മരിച്ചയാളുടെ ബന്ധുക്കളോട് ഖത്തര്‍ ആരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. കൊറോണ ബാധിതരുമായി സമ്പര്‍ക്കത്തിലായതായി വ്യക്തമായതിനെ തുടര്‍ന്ന് ക്വാരന്റൈനില്‍ കഴിയുകയായിരുന്നു ഇവര്‍. കുടുംബത്തില്‍ കൊറോണ പോസിറ്റീവായവരുമായി സമ്പര്‍ക്കത്തിലായി രോഗം പിടിപെട്ട ഏതാനും സ്വദേശികളും പ്രവാസികളും പുതിയ പട്ടികയിലുണ്ട്. രാജ്യത്ത് കൊറോണ വ്യാപനം അതിന്റെ മൂര്‍ധന്യ ദശയിലാണെന്നും ഏതാനും ദിവസം ഇതു തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 555 പേര്‍ക്കാണ് ഇതുവരെ കൊറോണ സുഖപ്പെട്ടത്.