ഖത്തറില്‍ 59 പേര്‍ക്ക് കൂടി കൊറോണ; രോഗികളുടെ എണ്ണം 700ലേക്ക്

corona in qatar

ദോഹ: ഖത്തറില്‍ ഇന്ന് 59 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 693 ആയി. 24 പേര്‍ക്കു രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രിട്ടനില്‍ നിന്ന് ഉള്‍പ്പെടെ അടുത്ത കാലത്ത് ഖത്തറിലേക്കു മടങ്ങിയെത്തിയവരാണ് രോഗബാധിതരില്‍ ചിലര്‍. ബാക്കിയുള്ളവര്‍ നേരത്തേ രോഗം സ്ഥിരീകരിച്ചവരോടൊപ്പം ഒരുമിച്ച് താമസിച്ച കുടുംബാംഗങ്ങളോ മറ്റു വീടുകളിലുള്ള ബന്ധുക്കളോ ആണ്.

51 പേര്‍ക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോള്‍ രോഗനിര്‍ണയം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തേയുള്ളതിനെ അപേക്ഷിച്ച് ഇപ്പോള്‍ ഒരു ദിവസം കൂടുതല്‍ പേരെ പരിശോധന നടത്താന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ദിവസവും പ്രഖ്യാപിക്കുന്ന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന വരുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. രോഗം നേരത്തേ കണ്ടെത്താനും വ്യാപനം തടയാനും ഇതിലൂടെ സാധിക്കുന്നുണ്ട്.

59 more test positive for coronavirus in Qatar, three recover