Saturday, October 23, 2021
HomeNewsfeedഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 80ഓളം ഇന്ത്യക്കാര്‍

ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 80ഓളം ഇന്ത്യക്കാര്‍

ദോഹ: ഖത്തറില്‍ 2020 ആദ്യം മുതല്‍ ഇതുവരെയായി 80ഓളം ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അംബാസഡര്‍ ദീപക് മിത്തല്‍ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യയുടെ ശതമാനം എടുത്ത് നോക്കുമ്പോള്‍ ഇത് അത്ര ആശങ്കപ്പെടുത്തുന്ന കണക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് കോവിഡ് പ്രതിസന്ധിയിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പല ഗള്‍ഫ് രാജ്യങ്ങളും വിമാന സര്‍വീസ് നിര്‍ത്തിവച്ചപ്പോള്‍ ഖത്തര്‍ ഇപ്പോഴും നിയന്ത്രണങ്ങളോട് കൂടി സര്‍വീസ് തുടരുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു.

ഇന്ത്യക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ്. നിയന്ത്രണങ്ങള്‍ അടിയന്തരമായി നടപ്പാക്കാനുള്ള പ്രഖ്യാപനം പലരും വിമാനത്താവളത്തിലും മറ്റും കുടുങ്ങുന്ന സാഹചര്യമുണ്ടാക്കിയിരുന്നു. എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇത് 72 മണിക്കൂര്‍ നേരത്തേക്ക് നീട്ടിവയ്ക്കാന്‍ ഖത്തര്‍ തയ്യാറായതായി അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ വലിയ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴും ഇന്ത്യന്‍ സമൂഹത്തിന് ഉള്‍പ്പെടെ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അംബാസഡര്‍ പറഞ്ഞു.
ALSO WATCH

Most Popular