വെര്‍ച്വല്‍ ക്ലാസ്: സ്‌കൂള്‍ ഫീസ് കുറയ്ക്കണമെന്ന് ഖത്തറിലെ രക്ഷിതാക്കള്‍

qatar school virtual class

ദോഹ: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയും ക്ലാസുകള്‍ ഓണ്‍ലൈനില്‍ ആവുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസ് കുറയ്ക്കണമെന്ന് ഖത്തറിലെ രക്ഷിതാക്കള്‍. ദി പെനിന്‍സുല നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും സ്‌കൂള്‍ ഫീസ് കുറയ്ക്കണമെന്ന ആവശ്യ്‌ത്തോട് യോജിച്ചു.

കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കുന്ന സാഹചര്യത്തില്‍ ഈ സെമസ്റ്ററില്‍ സ്‌കൂള്‍ ഫീസ് കുറയ്ക്കണമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് 14,700 പേരാണ് പ്രതികരിച്ചത്. 83 ശതമാനം ഇതിനെ അനുകൂലിച്ചപ്പോള്‍ 17 ശതമാനം എതിര്‍ത്തു.

കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കുകയാണെന്നിരിക്കേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലെ മൊത്തം ചെലവില്‍ കുറവ് വന്നിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആവശ്യമില്ല. സ്‌കൂളിലെ സ്‌റ്റേഷനിറി ഉപയോഗം, വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം, പ്രിന്റര്‍ ഉപയോഗം, ആക്ടിവിറ്റി ചാര്‍ജ് തുടങ്ങിയവയെല്ലാം ഒഴിവാകുകയോ കുറയുകയോ ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഫീസ് കുറയ്ക്കുന്നത് സ്‌കൂളുകള്‍ക്ക് ഭാരമാവില്ലെന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പറഞ്ഞു.

വെര്‍ച്വല്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടികള്‍ക്ക് കംപ്യൂട്ടറും പ്രിന്ററും വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് അധിക ചെലവ് വരുന്നുണ്ട്. ഒരേ സമയം ക്ലാസ് നടക്കുന്നതിനാല്‍ ഒന്നിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ഒന്നില്‍ കൂടുതള്‍ കംപ്യൂട്ടര്‍ വാങ്ങേണ്ട സ്ഥിതിയാണുള്ളത്.

എന്നാല്‍, സ്‌കൂള്‍ ഫീസ് കുറയ്ക്കുന്നതിനോട് ഒരു ചെറിയ വിഭാഗം യോജിച്ചില്ല. പ്രധാനമായും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരുമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഫീസ് കുറയ്ക്കുമ്പോള്‍ സ്‌കൂളുകള്‍ ജീവനക്കാരുടെ ശമ്പളവും കുറയ്ക്കുമെന്ന ആശങ്കയാണ് അവര്‍ പ്രകടിപ്പിച്ചത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വെര്‍ച്വല്‍ ക്ലാസുകള്‍ക്ക് വേണ്ടി അധ്യാപകരും ജീവനക്കാരും കഠിനമായി പണിയെടുക്കുന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജീവനക്കാരുടെ ശമ്പളം കുറയ്ക്കാതെ തന്നെ സ്‌കൂളുകള്‍ തങ്ങളുടെ ലാഭത്തിന്റെ വിഹിതം കുറച്ച് ഫീസ് കുറയ്ക്കാന്‍ തയ്യാറാവണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.

83% favor school fee cuts as virtual classes begin in Qatar