ദോഹ: ഖത്തറില്‍ ഇന്ന് 833 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 9358 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു. രാജ്യത്ത് ഒറ്റ ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 929 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3817 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 79705 ആയി ഉയര്‍ന്നു. 8419 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.
പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. നേരത്തേയുള്ള രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരാണ് ഇവര്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയക്കു പുറത്തുള്ള നിരവധി തൊഴിലാളികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതിയ രോഗികളുടെ കൂട്ടത്തിലുണ്ട്.
എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നും അത്യാവശ്യസാഹചര്യത്തില്‍ അല്ലാതെ പുറത്തുപോവരുതെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. പുറത്തുപോകുന്നവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം.