Sunday, October 24, 2021
HomeNewsfeedനാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് റിപോര്‍ട്ട്

നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് റിപോര്‍ട്ട്

ദോഹ: ബുധനാഴ്ച്ച നടക്കുന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായി റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചത് പോലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തത്.

റസ്‌റ്റൊറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സംവിധാനം നിര്‍ത്തും. ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒഴികെയുള്ള റീട്ടെയില്‍ ഷോപ്പുകള്‍ അടക്കാനും സാധ്യതയുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 13ന് റമദാന്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രഖ്യാപിച്ചേക്കും. രാത്രികാലത്ത് ആളുകള്‍ കൂട്ടുംകൂടുന്നത് ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളാവും പ്രഖ്യാപിക്കുക.

2020 അവസാനത്തില്‍ കോവിഡിനെ നിയന്ത്രിക്കുന്നതില്‍ ഖത്തര്‍ മികച്ച നിലയിലായിരുന്നു. എന്നാല്‍, കോവിഡിന്റെ രണ്ടാം വരവ് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത രാജ്യം എന്ന ബഹുമതിയും ഖത്തറിനുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രണ്ടും മൂന്നും കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് മാത്രം ആറ് മരണങ്ങളാണ് രാജ്യത്ത് കോവിഡ് മൂലം ഉണ്ടായത്. മരിക്കുന്നതില്‍ വലിയൊരു വിഭാഗം യുവാക്കളാണെന്നതും ശ്രദ്ധേയമാണ്.

കോവിഡ് മൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വക്‌റ ആശുപത്രി ഉള്‍പ്പെടെ ഏഴ് ആശുപത്രികള്‍ ഇതിനകം കോവിഡ് രോഗികള്‍ക്കു മാത്രമായി മാറ്റിവച്ചു കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ജീനക്കാരെ ഉള്‍പ്പെടെ കോവിഡിനെ നേരിടാന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കോവിഡിന്റെ തുടക്ക കാലത്തുണ്ടായിരുന്ന രീതിയില്‍ ആളുകള്‍ നിയന്ത്രണം പാലിക്കുന്നില്ലന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്. വാക്‌സിനേഷന്‍ വന്നതും ജനങ്ങളുടെ ജാഗ്രത കുറയാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായാണ് റിപോര്‍ട്ട്.
ALSO WATCH

Most Popular