ശമ്പളം നല്‍കാനുള്ള ലോണിന് വേണ്ടി അപേക്ഷിക്കുന്നത് ഖത്തരിയായിരിക്കണം

al suwaidi

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ ലോണിന് വേണ്ടി സമീപിക്കുമ്പോള്‍ അപേക്ഷ നല്‍കുന്നത് കമ്പനിയില്‍ ഉടമസ്ഥതയോ പങ്കാളിത്തമോ ഉള്ള സ്വദേശിയായിരിക്കണം. ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിലെ സ്ട്രാറ്റജി ആന്റ് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് വേതനവും വാടകയും നല്‍കുന്നതിന് ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ നിയന്ത്രണത്തില്‍ ദേശീയ ഗാരന്റി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയായിരുന്നു അല്‍ സുവൈദി.

ലോണ്‍ അപേക്ഷ നല്‍കുന്നത് കമ്പനി ഉടമയായ ഖത്തരിയോ അല്ലെങ്കില്‍ കമ്പനിയില്‍ 10 ശതമാനത്തില്‍ കുറയാത്ത ഓഹരിയുള്ള ഖത്തരിയോ ആയിരിക്കണമെന്നാണ് വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിക്ക് ഡബ്ല്യുപിഎസ് അക്കൗണ്ട് ഉണ്ടായിരിക്കുകയും അതുവഴി നേരത്തേ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരിക്കുകയും ചെയ്യണം. വാടക നല്‍കന്നതിനുള്ള ലോണിന് സാധുവായ വാടക കരാര്‍ ഉണ്ടായിരിക്കണം. ഈ കരാര്‍ പ്രകാരം മുമ്പ് വാടക നല്‍കിയിരിക്കുകയും ചെയ്യണം.

എല്ലാതരം കമ്പനികള്‍ക്കും ലോണ്‍ ലഭ്യമാവുമെന്ന് അല്‍ സുവൈദി പറഞ്ഞു. എന്നാല്‍, നിര്‍മാണ കമ്പനികള്‍ക്കും കോണ്‍ട്രക്ടിങ് മേഖലയ്ക്കും ലോണ്‍ ലഭിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതുകൊണ്ടാണ് ഈ മേഖലകളെ ഒഴിവാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

Abdul Rahman Al-Suwaidi: These are the conditions and mechanism for applying to the National Guarantee program