ദോഹ: കടുത്ത വേനല്‍ച്ചൂടിലും വ്യായാമം മുടങ്ങാതിരിക്കാന്‍ ലക്ഷ്യമിട്ട് ഖത്തറിന്റെ പുതിയ പദ്ധതി. ശീതീകരിച്ച സൈക്കിള്‍ ട്രാക്കുകളോട് കൂടിയ പാര്‍ക്കുകളാണ് ഇതിനായി ഒരുക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ഗറാഫ, ഉം അല്‍ സനീം, പാര്‍ക്കുകളിലാണു ശീതീകരിച്ച ട്രാക്കുകളുളളത്. അല്‍ മുംതസ പാര്‍ക്കില്‍ പച്ചപ്പുല്ല് പിടിപ്പിച്ച സംവിധാനമാണ് ഒരുക്കുന്നത്.
ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ശീതീകരിച്ച ട്രാക്കുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് അഷ്ഗാല്‍ പ്രോജക്ട് മേധാവി അബ്ദുല്‍ ഹക്കിം അല്‍ ഹാഷിമി പറഞ്ഞു.
ഉം അല്‍ സനീം പാര്‍ക്ക് 65 ശതമാനം നിര്‍മാണം പൂര്‍ത്തിയായി.
1,30,000 ചതുരശ്രമീറ്റര്‍ പാര്‍ക്കിലെ 1,150 മീറ്റര്‍ ട്രാക്ക് പൂര്‍ണമായും ശീതീകരിച്ചതാണ്. 51,000 ചതുരശ്രമീറ്ററാണ് അല്‍ ഗറാഫ പാര്‍ക്കിന്റെ വിസ്തീര്‍ണം. ഇരു പാര്‍ക്കുകളിലുമായി 400ല്‍ ഏറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
സി റിങ്ങില്‍ 1,50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള അല്‍ മുംതസ പാര്‍ക്കില്‍ 1,300 മീറ്റര്‍ കാല്‍നട-സൈക്കിള്‍ പാതകളും 300ല്‍ ഏറെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങുമുണ്ട്.