ഖത്തറില്‍ അജ്യാല്‍ ചലചിത്ര മേള നവംബര്‍ 18 മുതല്‍; 46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ajyal film festival

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാല്‍ ചലചിത്ര മേള നവംബര്‍ 18 മുതല്‍ 23വരെ കത്താറയില്‍ നടക്കും. 46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മേളയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പരിപാടികളും ഓണ്‍ലൈനില്‍ ആയിരിക്കും നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

22 മുഴുനീള ചിത്രങ്ങളും 58 ഹ്രസ്വ ചിത്രങ്ങളും മേളയുടെ ഭാഗമാവും. യുവതയുടെ നിഷ്‌കളങ്കതയും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 31 ചിത്രങ്ങള്‍ അറബ് ലോകത്തു നിന്നുള്ളവയാണ്. 30 എണ്ണത്തിന്റെ സംവിധായകര്‍ വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.

വെര്‍ച്വല്‍ പ്രദര്‍ശനവും നേരിട്ടുള്ള പ്രദര്‍ശനവും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ സിനിമാ സ്‌ക്രീനിങ്. ലുസൈലില്‍ ആദ്യമായി ഡ്രൈവ് ഇന്‍ സിനിമാ പ്രദര്‍ശനവും ഇക്കുറി അജ്യാലിന്റെ പ്രത്യേകതയാണ്.

സാംസ്‌കാരിക രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ശെയ്ഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുമായി സംവദിക്കാന്‍ കുട്ടി ജൂറിമാര്‍ക്ക് അവസരം ലഭിക്കും. ഇറ്റലിയിലെ ജിഫോണി ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ക്ലോഡിയോ ജിഫോണി, ബോളിവുഡ് നടന്‍ കുനാല്‍ കപൂര്‍, ഗോറാന്‍ ബോദ്ഗാന്‍, ബോസ്‌നിയന്‍ നടന്‍ ഫാര്‍ഗോ, അമേരിക്കന്‍ നടനും കൊമേഡിയനുമായ സാക്ക് വുഡ്‌സ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ സണ്‍ ചില്‍ഡ്രന്‍ എന്ന ചിത്രത്തോടെയാണ് ഈ വര്‍ഷത്തെ മേളയ്ക്ക് തുടക്കമാവുക.

Ajyal Film Fest goes hybrid with 80 films from 46 countries