Monday, May 23, 2022
HomeGulfQatarഖത്തറിലെ ആദ്യ ദിനപത്രങ്ങളിലൊന്നായ അല്‍ അറബ് അടച്ചുപൂട്ടുന്നു

ഖത്തറിലെ ആദ്യ ദിനപത്രങ്ങളിലൊന്നായ അല്‍ അറബ് അടച്ചുപൂട്ടുന്നു

ദോഹ: കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഖത്തര്‍ മാധ്യമ മേഖലയിലെ ആദ്യ രക്തസാക്ഷി. ഖത്തറിലെ ആദ്യ രാഷ്ട്രീയ ദിനപത്രമായ അല്‍ അറബ് അടച്ചുപൂട്ടുന്നു. രാജ്യം സ്വതന്ത്രമായ ഉടനെ 1972ല്‍ സ്ഥാപിതമായതാണ് ഈ പത്രം.

മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും പരസ്യവരുമാനത്തിലുണ്ടായ വന്‍ ഇടിവുമാണ് പത്രത്തിന്റെ അടച്ചുപൂട്ടലിലേക്കു നയിച്ചത്. സ്ഥാപനത്തിലെ 120 ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതായി പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. ജീവനക്കാരില്‍ ഭൂരിഭാഗവും പ്രവാസികളാണ്.

അഞ്ച് പതിറ്റാണ്ട് മുമ്പ് ഖത്തരി ബുദ്ധിജീവിയായ അബ്ദുല്ല ഹുസൈന്‍ നെമ്മയാണ് അല്‍ അറബ് സ്ഥാപിച്ചത്. ശക്തമായ അഭിപ്രായങ്ങളിലൂടെ അറബ് മാധ്യമ ലോകത്ത് പ്രസിദ്ധനായിരുന്നു നെമ്മ. അടുത്ത കാലത്ത് പത്രത്തിന് നേതൃത്വം നല്‍കിയ അബ്ദുല്ല അല്‍ അത്ഹാബും അറബ് ലോകത്തെ സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ ശക്തമായ അഭിപ്രായം പ്രകടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

അല്‍ അറബ് പത്രം അടച്ചുപൂട്ടുന്നത് ഇതാദ്യമായല്ല എന്നതും ശ്രദ്ധേയമാണ്. 1996ല്‍ പത്രം പൂട്ടിയിരുന്നു. പിന്നീട് 2007 നവംബറില്‍ പുനരാരംഭിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനിയുടെ ഉടമസ്ഥതയില്‍ ഒരു തവണ ഉണ്ടായിരുന്നെങ്കിലും പൊതുവേ സ്വതന്ത്ര നിലപാട് പുലര്‍ത്തുന്ന പത്രമായാണ് അല്‍ അറബിനെ കണക്കാക്കുന്നത്.

ഖത്തറിലെ മറ്റു പത്രങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്തെ മിക്ക പത്രങ്ങളും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് മാസത്തോളം അടച്ചിട്ടിരുന്നു. അല്‍ ശര്‍ഖ്, ഗള്‍ഫ് ന്യൂസ്, ഖത്തര്‍ ട്രിബ്യൂണ്‍ ഉള്‍പ്പടെയുള്ള പത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രിന്റിങ് പുനരാരംഭിച്ചത്. പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങു നല്‍കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

Al Arab newspaper, Qatari media’s first COVID-19 casualty

Most Popular