ദോഹ: അല്‍ബൈത്ത് സ്‌റ്റേഡിയം പരിസരത്ത് നിര്‍മിച്ച കൂറ്റന്‍ പാര്‍ക്ക് ഫെബ്രുവരി 11ന് ഖത്തര്‍ കായിക ദിനത്തില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ളതാണ് ഈ പാര്‍ക്ക്.
അല്‍ഖോറില്‍ പച്ചപ്പിന്റെ ഒരു തുരുത്താണ് അല്‍ബൈത്ത് സ്റ്റേഡിയം പാര്‍ക്കെന്ന് അധികൃതര്‍ പറഞ്ഞു. കുടുംബങ്ങള്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള പുതിയ കേന്ദ്രമായി പാര്‍ക്ക് മാറും.
പാര്‍ക്ക് ഖത്തര്‍ കായിക ദിനത്തില്‍ തുറക്കുന്ന കാര്യം മുനിസിപ്പല്‍ കൗണ്‍സില്‍ മെമ്പര്‍ അബ്ദുല്ല അല്‍ മെറൈക്കി ആണ് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പാര്‍ക്കിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
ഖത്തറിന്റെ ഭൂതകാലത്തെയും വര്‍ത്തമാന കാലത്തെയും ഒരുപോലെ പ്രതിനിധീകരിക്കുന്നതാണ് അല്‍ബൈത്ത് സ്റ്റേഡിയം ഡിസൈന്‍. കൂറ്റന്‍ ടെന്റിന്റെ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.
മരങ്ങള്‍ നട്ടുപിടിപ്പിച്ച നടപ്പാത, തടാകങ്ങള്‍, ജലധാരകള്‍, വിശാലമായ കളിസ്ഥലം തുടങ്ങിയവയൊക്കെ ഉള്‍പ്പെട്ടതാണ് സ്റ്റേഡിയം പാര്‍ക്ക്. ഭക്ഷണശാലകളും പുല്‍ത്തകിടിയെ അഭിമുഖീകരിക്കുന്ന ഇരിപ്പിടങ്ങളുമൊക്കെ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlight: Al Bayt Stadium Park to open on Qatar Sport Day