അല്‍സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറക്കാനൊരുങ്ങുന്നു

al sailiya central market opening

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 9 മുതല്‍ അടച്ചിട്ട ഖത്തറിലെ അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്ക്റ്റ് അധികം വൈകാതെ തുറക്കുമെന്ന് സൂചന. മാര്‍ക്കറ്റ് അടച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് കച്ചവടം മാറ്റിയ വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

മാര്‍ക്കറ്റ് നടത്തിപ്പുകാരായ അസ്വാഖ് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. മുഴുവന്‍ പേര്‍ക്കും ഫോട്ടോ ഐഡി കാര്‍ഡ് ഉണ്ടാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ക്ക് പ്രത്യേകം പേരുകള്‍ നല്‍കാനും പദ്ധതിയുണ്ട്. നിലവില്‍ ഷോപ്പുകള്‍ക്ക് നിശ്ചിത നമ്പറുകളാണ് നല്‍കിയിട്ടുള്ളത്. അധികം വൈകാതെ മാര്‍ക്കറ്റ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികളില്‍ ഒരാള്‍ പറഞ്ഞു.

78,000 ചതുരശ്ര മീറ്റര്‍ വ്യാസമുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റ് പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന ഖത്തറിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ വിപണിയാണ്. 102 റീട്ടെയില്‍ സ്റ്റാളുകളും 52 ഹോള്‍ സെയില്‍ സ്റ്റാളുകളുമാണ് ഇവിടെയുള്ളത്. ഇതിന് പുറമേ പരമ്പരാഗത കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന 52 സ്റ്റാളുകളും ഉണ്ട്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മൂന്ന് മാസം മുമ്പ് മാര്‍ക്കറ്റ് അടച്ചതിനെ തുടര്‍ന്ന് ഭൂരിഭാഗം വ്യാപാരികളം ദോഹയിലേക്കും പരിസരങ്ങളിലേക്കും വ്യാപാരം മാറ്റിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണക്കാരുമായി ദീര്‍ഘകാല കരാര്‍ ആയതിനാല്‍ അവര്‍ക്ക് വ്യാപാരം നിര്‍ത്തിവയ്ക്കാന്‍ ആവുമായിരുന്നില്ല.

Al Sailiya Central Market likely to reopen shortly