Sunday, November 28, 2021
HomeNewsfeedഅമീര്‍ കപ്പിനൊരുങ്ങി തുമാമ സ്റ്റേഡിയം; കാണികള്‍ക്ക് ഫാന്‍ ഐഡി

അമീര്‍ കപ്പിനൊരുങ്ങി തുമാമ സ്റ്റേഡിയം; കാണികള്‍ക്ക് ഫാന്‍ ഐഡി

ദോഹ: ഒക്ടോബര്‍ 22ന് അമീര്‍ കപ്പിന്റെ കലാശക്കളി നടക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തില്‍ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോക കപ്പിനായി ഒരുങ്ങിയ ആറാമത്തെ സ്റ്റേഡിയത്തിലാണ് അല്‍ സദ്ദും അല്‍ റയ്യാനും കൊമ്പുകോര്‍ക്കുന്നത്.

ഫൈനലിനുള്ള മുന്നൊരുക്കങ്ങളും ഫാന്‍ കാര്‍ഡിന്റെയും മീഡിയ ബാഗിന്റെയും സവിശേഷതകളും സുപ്രിം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഫൈനലില്‍ പ്രവേശിച്ച ടീമുകളെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഖാലിദ് അല്‍ കുവാരി അഭിനന്ദിച്ചു.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റ് വഴി മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ കരസ്ഥമാക്കാം. 100 റിയാല്‍, 50 റിയാല്‍, 20 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മല്‍സരം വീക്ഷിക്കാനെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.

ഫാന്‍ ഐഡി
അമീര്‍ കപ്പ് ഫൈനല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള സ്മാര്‍ട്ട് ടെക്‌നോളജി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ആണ് ഫാന്‍ ഐഡി. ഈ കാര്‍ഡില്‍ ദോഹ മെട്രോയില്‍ സൗജന്യ യാത്ര ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭ്യമാവും. അറബ് കപ്പിനും ഇതേ ഫാന്‍ ഐഡി സംവിധാനം ഒരുക്കുന്നുണ്ട്.

പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക്
ഒക്ടോബര്‍ 7ന് മുമ്പ് രണ്ടാം ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും 2020 ഒക്ടോബര്‍ 21ന് ശേഷം കോവിഡ് വന്ന് ഭേദയമാവര്‍ക്കുമാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ ഹാജരാക്കി കളി കാണാം. മാറാവ്യാധികള്‍ ഉള്ളവര്‍, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ സ്റ്റേഡിയത്തില്‍ വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular