ഖത്തറിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് അല്‍ജീരിയ; രണ്ടു ഗോള്‍ പിറന്നത് ഇന്‍ജുറി ടൈമില്‍

algeria beats qatar in fifa arab cup semi

ദോഹ: ഫിഫ അറബ് കപ്പിന്റെ നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സെമിഫൈനലില്‍ കൈയെത്തും ദൂരത്ത് ഖത്തറിന്റെ കിരീട മോഹം വാടിവീണു. ആഫ്രിക്കന്‍ കരുത്തരായ അല്‍ജീരിയ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഖത്തറിനെ വീഴ്ത്തിയത്. ബുധനാഴ്ച്ച രാത്രി തിങ്ങിനിറഞ്ഞ അല്‍ തുമാമ സ്‌റ്റേഡിയത്തെ സാക്ഷിയാക്കി നടന്ന മല്‍സരത്തില്‍ അവസാന രണ്ട് ഗോളുകളും പിറന്നത് ഇന്‍ജുറി ടൈമില്‍.

59ാം മിനിറ്റില്‍ അല്‍ജീരിയയുടെ ഹോസിന്‍ ബനായദയാണ് സ്‌കോര്‍ പട്ടിക തുറന്നത്. 90 മിനിറ്റ് അവസാനിക്കുമ്പോഴും പിറകില്‍ നിന്ന ഖത്തര്‍ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് മുന്‍താരിയിലൂടെ ഇന്‍ജുറി ടൈമിന്റെ ഏഴാം മിനിറ്റിലാണ് ഗോള്‍ മടക്കിയത്. അതുവരെ നിശ്ശബ്ദമായിരുന്ന ഖത്തര്‍ കളിയാരാധകര്‍ അതോടെ ആര്‍പ്പ് വിളിച്ചു. ഖത്തര്‍ താരങ്ങളുടെ മുഖത്തും പ്രതീക്ഷയുടെ വെളിച്ചം വീണു.

എന്നാല്‍, ആവേശം അധികം നീണ്ടില്ല. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമിന്റെ 17ാം മിനിറ്റില്‍ അല്‍ജീരിയയുടെ മറുപടി ഗോള്‍ വന്നു. പെനല്‍റ്റി കിക്കില്‍ റീബൗണ്ടായി വന്ന ബോള്‍ മുഹമ്മദ് ബലാലി പോസ്റ്റിലേക്ക് കോരിയിട്ടതോടെ ഖത്തര്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചു.

ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ അല്‍ജീരിയ തുണീഷ്യയെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് തുണീഷ്യയുടെ വരവ്. ശനിയാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനമെങ്കിലും നേടാനായിരിക്കും ഇനി ഖത്തറിന്റെ ശ്രമം.