ദോഹ: അല്‍ഖോറില്‍ മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ചെറിയഴീക്കല്‍ പണ്ടാരത്തുരുത്ത് കാക്കശ്ശേരില്‍ ദിപിന്‍കുമാര്‍ ദേവരാജന്‍(36) സ്വയം ജീവനൊടുക്കിയത്.
യുവാവ് നേരത്തേ ഖത്തറിലുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ട്രാഫിക് കേസിന്റെ ശിക്ഷയെച്ചൊല്ലിയുള്ള ആശങ്കയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇന്ത്യന്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍(ഐസിഡബ്ല്യുഎഫ്) യൂണിറ്റ് ഹെഡ് ഫെമിന്‍ പി ഉമറിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഗോവിന്ത് പാലക്കോത്ത്, ദിപിന്‍ കുമാറിന്റെ സുഹൃത്ത് ബിജു ശങ്കരന്‍ കുട്ടി, ഐസിഡബ്ല്യുഎഫ് പ്രവര്‍ത്തകരായ നവാഫ് കൊടുങ്ങല്ലൂര്‍, വിനോദ് നിസാന്‍, മഞ്ജുനാഥന്‍ തുടങ്ങിയവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മൃതദേഹം ഏറ്റുവാങ്ങുന്നതിന് ദിപിന്‍ കുമാറിന്റെ ബന്ധു ഖത്തറിലെത്തിയിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് നോര്‍ക്കയുടെ ആംബുലന്‍സിലാണ് മൃതദേഹം കൊല്ലത്തെത്തിച്ചത്.
നേരത്തേ മൂന്ന് വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന ദിപിന്‍കുമാര്‍ അല്‍ഖോറിലുള്ള കമ്പനിയിലേക്ക് ഡ്രൈവറായാണ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ബിസിനസ് വിസിറ്റ് വിസയില്‍ എത്തിയിരുന്നത്. യുവാവിന് നേരത്തേയുണ്ടായിരുന്ന കേസിനെച്ചൊല്ലി മാനസിക പ്രയാസമുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്.
പിതാവ്: ദേവരാജന്‍, മാതാവ്: ഗീത. ഭാര്യ: രസിത. മകള്‍ ദിയ(4).