ദോഹ: ഖത്തറില്‍ റമദാനിലും മസ്ജിദുകള്‍ അടച്ചിടുന്നത് തുടരുമെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദ്(ഗ്രാന്‍ഡ് മോസ്ഖ്) മാത്രം തുറക്കും.
ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജുമുഅ പ്രാര്‍ഥനയും റമദാനിലെ രാത്രി നമസ്‌കാരങ്ങളും നടക്കും. ഇമാമും മസ്ജിദിലെ മറ്റ് ജീവനക്കാരും ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ക്ക് മാത്രമേ ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടാകൂ. റമദാനിലെ തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ ഇമാമും മസ്ജിദിലെ നാല് ജീവനക്കാരും ചേര്‍ന്ന് നിര്‍വഹിക്കും. കൊറോണ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
ഈ നമസ്‌കാരങ്ങള്‍ ടെലിവിഷനിലും റേഡിയോയിലും സംപ്രേക്ഷണം ചെയ്യും. റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്യുന്ന നമസ്‌കാരം മറ്റുള്ളവര്‍ പിന്തുടരാന്‍ പാടില്ല. കൊറോണവ്യാപന ഭീതി നീങ്ങിയാല്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് മസ്ജിദുകള്‍ തുറക്കുമെന്നും ഒഖാഫ് മന്ത്രാലയം അറിയിച്ചു.