ദോഹ: ദോഹയില്‍ നടക്കുന്ന ലോകകപ്പ് , ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യക്ക് ഏഷ്യാ കപ്പിലേക്കുള്ള ബര്‍ത്ത് ഉറപ്പിക്കുന്നതിനൊപ്പം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ചരിത്ര നേട്ടത്തിന് കൂടി ഇന്ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയം സാക്ഷിയായേക്കും.
രാജ്യാന്തര ഗോള്‍നേട്ടത്തില്‍ കഴിഞ്ഞദിവസം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്നു രണ്ടാമതെത്തിയ ഛേത്രിക്ക് ഇന്ന് ഒരുഗോള്‍ കൂടി നേടിയാല്‍ രാജ്യാന്തര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍നേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്താം. ഒരു ഹാട്രിക് നേടിയാലാകട്ടെ സാക്ഷാല്‍ പെലെയുടെ ഗോളെണ്ണത്തിനൊപ്പവും.
കഴിഞ്ഞയാഴ്ച ബംഗ്ലദേശിനെതിരായ മത്സരത്തിലെ ഇരട്ടഗോളോടെ ഛേത്രിയുടെ രാജ്യാന്തര ഗോള്‍നേട്ടം 74 ആയിരുന്നു. ഇന്നു വൈകിട്ട് 7.30നാണ് കിക്കോഫ്. യോഗ്യതാ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഇന്നു സമനില നേടിയാല്‍ ഏഷ്യാകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടില്‍ കടക്കാം. ഗ്രൂപ്പിലെ ആദ്യ 3 സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലെത്തുക. നാലാം സ്ഥാനത്തുള്ള അഫ്ഗാനിസ്താന്‍ കഴിഞ്ഞദിവസം ഒമാനോട് പരാജയപ്പെട്ടത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിച്ചു.
ALSO WATCH