ദോഹ: ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കുള്ള പാതയില്‍ ഖത്തറിന് മുന്നില്‍ ഇനി ഒരു കടമ്പ മാത്രം. ഉത്തര ആഫ്രിക്കന്‍ വമ്പന്മാരായ അല്‍ജീരിയയെ സെമിഫൈനലില്‍ അന്നാബികള്‍ മറികടക്കുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ശനിയാഴ്ച്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോക്കെതിരേ പെനല്‍റ്റിയിലൂടെയാണ്(5-3) അല്‍ജീരിയ സെമി ബെര്‍ത്ത് ഉറപ്പാക്കിയത്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 2-2 സമനില എക്‌സ്ട്രാ ടൈമിലും തകര്‍ക്കാനാവാതെ വന്നതോടെയാണ് പെനല്‍റ്റിയിലേക്ക് നീണ്ടത്. അല്‍ജീരിയ ഗോള്‍കീപ്പര്‍ റാഇസ് എംബോല്‍ഹിയുടെ തകര്‍പ്പന്‍ സേവ് ആണ് ടീമിന് തുണയായത്.
അതേസമയം, ക്വാര്‍ട്ടറില്‍ ഏക പക്ഷീയമായ 5 ഗോളുകള്‍ക്ക് യുഎഇയെ തകര്‍ത്താണ് ഖത്തര്‍ സെമിയിലേക്ക് കടന്നത്. മുഴുവന്‍ ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ മൊറോക്കോയെ വീഴ്ത്തിയത് അല്‍ജീരിയക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഡിസംബര്‍ 15ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിഫൈനല്‍ മല്‍സരത്തില്‍ തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീമിന്റെ ഹീറോ ആയിരുന്ന അല്‍മോസ് അലി പറഞ്ഞു.
നല്ല പരിയ സമ്പത്തുള്ളവരാണ് എതിരാളികള്‍. സെമിഫൈനലില്‍ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് സെമിയില്‍ ടീം മികച്ച കളി പുറത്തെടുക്കും-അല്‍മോസ് അലി പറഞ്ഞു.
കോപ്പ അമേരിക്ക, കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്, 2022 ലോക കപ്പിന്റെ യൂറോപ്യന്‍ യോഗ്യതാ മല്‍സരം തുടങ്ങിയ പ്രധാന മല്‍സരങ്ങളിലൂടെ നേടിയ അനുഭവ സമ്പത്ത് ഖത്തര്‍ ടീമിന് കരുത്താകുമെന്നാണ് അല്‍മോസിന്റെ പ്രതീക്ഷ.
ഡിസംബര്‍ 15ന് രാത്രി പ്രാദേശിക സമയം 10 മണിക്കാണ് ഖത്തര്‍-അല്‍ജീരിയ മല്‍സരം. അന്ന് വൈകീട്ട് 6ന് സ്റ്റേഡിയം 974ല്‍ നടക്കുന്ന മറ്റൊരു സെമിയില്‍ തുണീഷ്യ ഈജിപ്തിനെ നേരിടും.