ഖത്തരി വിദ്യാര്‍ഥിയെ അമേരിക്കയില്‍ പോലിസ് വെടിവച്ചുകൊന്നു

ദോഹ: അമേരിക്കയിലെ അരിസോണയില്‍ ഖത്തരി വിദ്യാര്‍ഥിയെ പോലിസ് വെടിവച്ചുകൊന്നതായി ദി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു. 25 വയസ്സ് പ്രായമുള്ള മുഹമ്മദ് അഹ്മദ് അല്‍ ഹാഷിമിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ചരാത്രിയായിരുന്നു സംഭവം. ട്രാഫിക്കില്‍ പോലിസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

വ്യാഴാഴ്ച്ച രാത്രി വൈകി അല്‍ ഹാഷിമി ഫീനിക്‌സ് നഗരത്തില്‍ റോഡിലുള്ള ട്രാഫിക് സൈന്‍ ബോര്‍ഡ് തട്ടിയിട്ടതായി പറയുന്നു. എന്നാല്‍, ഇതിന് വിസമ്മതിച്ച അല്‍ ഹാഷിമി പോലിസ് വാഹനത്തിന് മുകളില്‍ ഇടിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ഈ സമയം അല്‍ ഹാശിമിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നുണ്ടായ വഴക്കിനിടെയാണ് പോലിസ് വെടിവച്ചതെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട വീഡിയോ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും വെടിവയ്ക്കുന്ന ഭാഗം വ്യക്തമല്ല. ടെംപെയിലുള്ള അരിസോണ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ മുന്‍ വിദ്യാര്‍ഥിയായിരുന്നു അല്‍ ഹാശിമി. സ്റ്റുഡന്റ് വിസയിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.