ഖത്തര്‍ അമീര്‍ ഇറാനില്‍; ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച്ച നടത്തി

Qatar Amir in Iran

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറാന്‍ സന്ദര്‍ശനത്തിനെത്തി. റിപബ്ലിക്കന്‍ പാലസില്‍ പ്രൗഡോജ്വല സ്വീകരണമാണ് അമീറിന് ലഭിച്ചത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് അമീറിനെ സ്വീകരിച്ചത്.

ഖത്തറിനും ഇറാനുമിടയിലെ പരസ്പര സഹകരണവും മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ക്യൂഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ച് ഫലപ്രദമായിരുന്നുവെന്ന് അമീര്‍ പറഞ്ഞു. ഇറാനുമായുള്ള ബന്ധം ചരിത്രപരമാണെന്നും ഇറാന്‍ ഖത്തറിന് നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

Qatar Amir In Iran

ഇറാനിലെ മുതിര്‍ന്ന സൈനിക മേധാവി ഖാസിം സുലൈനിമാനിയുടെ വധവുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കേയാണ് അമീറിന്റെ തെഹ്‌റാന്‍ സന്ദര്‍ശനം. അമേരിക്കക്കും ഇറാനുമിടയിലെ സംഘര്‍ഷം രമ്യമായി പരിഹരിക്കണമെന്ന് അമീര്‍ റൂഹാനിയോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

അമേരിക്കയുമായി സഹകരിക്കുന്ന ഖത്തര്‍ ഇറാനുമായും ശക്തമായ നയതന്ത്ര – വാണിജ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം ഇതാദ്യമായാണ് മറ്റൊരു രാഷ്ട്രനേതാവ് ഇറാന്‍ സന്ദര്‍ശിക്കുന്നതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. തൊട്ടുമുമ്പ് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹിമാന്‍ ആല്‍ ഥാനിയും തെഹ്‌റാനില്‍ എത്തിയിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഖത്തറിനെ വലിയ തോതില്‍ ബാധിക്കുമെന്നതിനാല്‍ തുടക്കം മുതല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ ശ്രമിച്ചുവരികയാണ്.
Content Highlights: Qatar Amir in Iran