ദോഹ: മുസ്ലിംകള്‍ക്കും ഇസ്ലാമിനുമെതിരായ വികാരം ഇളക്കിവിട്ട് വോട്ട് തട്ടാനുള്ള പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചു വരുന്നതായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. കേവലം ആഭ്യന്തര രാഷ്ട്രീയ താല്‍പര്യം വച്ചുള്ള ദീര്‍ഘദൃഷ്ടിയില്ലാത്ത ഇത്തരം കാഴ്ച്ചപ്പാടുകള്‍ രാജ്യങ്ങളില്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും അമീര്‍ മുന്നറിയിപ്പ് നല്‍കി. ക്വാലാലംപുര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ദേശീയ പരമാധികാരം നേടിയെടുക്കുന്നതില്‍ വികസനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യതിരിക്തതകളെയും വ്യത്യാസങ്ങളെയും ബഹുമാനത്തോടെ കാണാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഏതൊരു രാജ്യവും പരിഷ്‌കൃതവും വികസിതവുമാവുകയുള്ളുവെന്നും അമീര്‍ അഭിപ്രായപ്പെട്ടു.
വികസനവും ഭരണ നിര്‍വഹണവും മനുഷ്യാവകാശവുമെല്ലാം പരിഗണിക്കുന്നതാണ് ഇസ്‌ലാമിക സംസ്‌കാരം. ഇസ്‌ലാമിക സംസ്്കാരങ്ങളെയും മുസ്‌ലിംകളെയും അടിച്ചമര്‍ത്താനാണ് ചില ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. അവികസിതവും ദുര്‍ഭരണവും നടത്തുന്ന ചില ഭരണകൂടങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതെന്ന്. ദുര്‍ഭരണം നടത്തുന്നവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്നും അമീര്‍ വിമര്‍ശിച്ചു.
മലേഷ്യന്‍ രാജാവ് അബ്ദുല്ല റിയാതുദ്ദീന്‍ അല്‍ മുസ്തഫ ബില്ല ഷാ, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡന്റ് ഡോ. ഹസന്‍ റൂഹാനി, മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിയില്‍ അമീറിനൊപ്പമുള്ള സംഘാംഗങ്ങള്‍, വിവിധ ഇസ്‌ലാമിക രാജ്യങ്ങളിലെ പ്രതിനിധികള്‍, ഇസ്‌ലാമിക ലോകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തുന്നവരും ബുദ്ധിജീവികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഏഴു പ്രധാന വിഷയങ്ങളിലാണ് ഉച്ചകോടി ശ്രദ്ധയൂന്നൂന്നത്.