ദോഹ: 2022ലെ ലോക കപ്പിന് വേദിയാകുന്ന ഖത്തറിലെ നാലാമത്തെ സ്റ്റേഡിയമായ അഹ്മദ് ബിന്‍ അലി സ്റ്റേഡിയം(അല്‍ റയ്യാന്‍ സ്റ്റേഡിയം) അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാജ്യത്തിന് സമര്‍പ്പിച്ചു. ഫിഫ പ്രസിഡന്റ് ഗിയാനി ഇന്ഫന്റിയാനോ, സീനിയര്‍ ഫുട്ബോള്‍ താരങ്ങള്‍, ദേശീയ കായിക പ്രതിഭകള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. 20,000 കാണികളുടെ സാന്നിധ്യത്തില്‍ അല്‍ സദ്ദ്, അല്‍ അറബി ക്ലബ്ബുകള്‍ തമ്മിലുള്ള അമീര്‍ കപ്പ് ഫൈനല്‍ മല്‍സരവും സ്റ്റേഡിയത്തില്‍ അരങ്ങേറി. 2022 ലോക കപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കേയാണ് നാലാമത്തെ സ്റ്റേഡിയവും പന്ത് തട്ടാനായി ഒരുങ്ങിയത്.
എഎഫ്സി പ്രസിഡന്റ് സല്മാന് ബിന്‍ ഇബ്റാഹിം അല്‍ ഖലീഫ, ഏഷ്യന്‍ ഒളിംപിക് കൗണ്‍സില്‍ പ്രസിഡന്റ് ശെയ്ഖ് അഹ്മദ് അല്‍ ഫഹദ് അല്‍ അഹ്മദ് അല്‍ സബാഹ്, യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിന്, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല് ഥാനി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
വര്‍ണമനോഹരമായി അലങ്കരിച്ച സ്റ്റേഡിയത്തിലേക്ക് നടന്നു കയറയവേ അമീര്‍ ഫുട്ബോള്‍ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഖത്തര്‍ ദേശീയഗാനം മുഴങ്ങി. ഖത്തര്‍ 2022 ബ്രാന്‍ഡ് അംബാസഡര്‍മാരായ ടിം കാഹില്‍(ആസ്ത്രേലിയ), സാമുവല്‍ എറ്റോ(കാമറൂണ്‍), ബാഴസലോണ താരം സാവി ഹെര്‍ണാണ്ടസ്(അല്‍സദ്ദ് കോച്ച്) തുടങ്ങിയവരുടെ ആഘോഷങ്ങളുടെ ഭാഗമായി.
രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ ഒന്നായ മാള്‍ ഓഫ് ഖത്തറിന് സമീപമാണ് പുതിയ സ്റ്റേഡിയം. 2017ല്‍ മെയില്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, 2019 മെയില്‍ അല്‍ ജനൂബ് സ്റ്റേഡിയം, ഈ വര്‍ഷം ജൂണില്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് ഇതിനകം ഉദ്ഘാടനം ചെയ്ത ലോക കപ്പ് വേദികള്‍.
അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളുടെ സാന്നിധ്യത്തിലാണ് ഇന്നലെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മാസ്ക്ക് ധരിച്ച് ഇഹ്തിറാസ് ആപ്പ് ഗേറ്റില്‍ കാണിച്ച ശേഷമായിരുന്നു കാണികളെ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവ് അല്ലെങ്കില്‍ കോവിഡ് വന്ന് സുഖപ്പെട്ടു എന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിയിരുന്നു. സീറ്റില്‍ ഇരിക്കും മുമ്പ് ശരീര താപവും പരിശോധിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു കാണികളെ ഇരുത്തിയത്.
Amir, football family celebrate launch of new World Cup stadium