Friday, December 2, 2022
HomeNewsfeedഖത്തര്‍ അമീറും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമെന്ന് അമീര്‍

ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമെന്ന് അമീര്‍

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും കൂടിക്കാഴ്ച്ച നടത്തി. ഇരുവരുടെയും അധ്യക്ഷതയില്‍ ഖത്തര്‍-സൗദി സംയുക്ത സഹകരണ കൗണ്‍സിലിന്റെ ആറാമത് യോഗം അമീരി ദിവാനില്‍ നടന്നു.

മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത അമീര്‍ ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. സൗദി-ഖത്തര്‍ സംയുക്ത സമിതിയുടെ ആറാമത് യോഗം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ ധാരണയായി. മേഖഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

ഡപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശെയ്ഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനി തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചു. സൗദിയില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘവും ചര്‍ച്ചയില്‍ പങ്കാളികളായി.

സൗദി കിരീടാവകാശിക്കും മറ്റ് പ്രതിനിധികള്‍ക്കും ഇസ്ലാമിക് ആര്‍ട്ട്‌സ് മ്യൂസിയത്തില്‍ പ്രത്യേക അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

Most Popular