Tuesday, November 29, 2022
HomeNewsfeedഖത്തര്‍ പൗരത്വനിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നു

ഖത്തര്‍ പൗരത്വനിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നു

ദോഹ: ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യാനും അതിന് വേണ്ട നിയമനിര്‍മാണം നടത്താനും അമീറിന്റെ ഉത്തരവ്. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം ലഭിക്കുന്ന രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്താനാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശം. തിരഞ്ഞെടുക്കപ്പെട്ട ശൂറ കൗണ്‍സിലിന്റെ ആദ്യ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അമീര്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.

ഒക്ടോബര്‍ രണ്ടിന് രാജ്യത്ത് നടന്ന ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ ചില ഗോത്രവിഭാഗങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് പൗരത്വനിയമം ഭേദഗതി ചെയ്യുന്ന തീരുമാനത്തിലേക്ക് അമീറിനെ നയിച്ചത്. തെറ്റായ രീതിയിലുള്ള ഗോത്രീയത ഖത്തറിന്റെ ഐക്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് അമീര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രമുഖ ഗോത്രവിഭാഗത്തിലൊന്നായ അല്‍ മുര്‍റ ഗോത്രത്തില്‍പെട്ട ആളുകള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിച്ചിരുന്നില്ല. 1930ന് മുന്‍പ് ഖത്തറിലുള്ള കുടുബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രം വോട്ടവകാശം ലഭിക്കുന്ന തരത്തില്‍ നിലവിലുള്ള നിയമമാണ് ഇതിന് കാരണം. രാജ്യവ്യാപകമായി ഗോത്രവികാരം വ്രണപ്പെടുന്നതിലേക്കും, വലിയ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചിരുന്നു.

ഈ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് ഇപ്പോള്‍ ഖത്തര്‍ അമീര്‍ അറിയിച്ചിരിക്കുന്നത്. പൗരത്വം കേവലം നിയമപ്രശ്നമല്ലെന്നും അവകാശത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും പ്രശ്നമാണെന്ന് പറഞ്ഞ അമീര്‍, തുല്യ പൗരത്വം ലക്ഷ്യമിട്ടുള്ള നിയമഭേദഗതി തയ്യാറാക്കി കൗണ്‍സിലിന്റെ അംഗീകാരത്തിന് അയയ്ക്കുമെന്നും അതിന് മന്ത്രിസഭയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു.
ALSO WATCH

 

Most Popular