കോഴിക്കോട് ജില്ലയില്‍ മറ്റൊരു ഖത്തര്‍ പ്രവാസിയെ കൂടി തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

ajinas kidnapped

ദോഹ: ദിവസങ്ങള്‍ക്കിടെ കോഴിക്കോട് ജില്ലയില്‍ രണ്ടാമതൊരു പ്രവാസിയെ കൂടി തട്ടിക്കൊണ്ടുപോയി. ഖത്തറില്‍ നിന്നു നാട്ടിലെത്തിയ ചെമ്പോനടുക്കണ്ടിയില്‍ പി.ടി. അജ്‌നാസിനെയാണ് (30) അഞ്ചംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയത്. എളയടത്ത് നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് കാണാന്‍ പേരാമ്പ്ര പന്തിരിക്കരയില്‍ നിന്നെത്തിയയതായിരുന്നു യുവാവ്. അര്‍ധരാത്രിയോടെയാണ് സംഭവം. തൂണേരിയില്‍ ഖത്തറിലെ സള്‍ഫര്‍ കെമിക്കല്‍സ് ഉടമയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ വില്ല്യാപള്ളിയിലെ ഒരു വീട്ടില്‍ നിന്നു പോലിസ് കണ്ടെത്തി. ഈ വീട്ടിലുള്ള യുവാവിവനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണു പിന്നിലെന്നാണു പൊലീസ് നല്‍കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് കുറ്റ്യാടി, എളയടം സ്വദേശികളായ ചിലരെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.

ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് അജ്‌നാസ് വോളിബോള്‍ ടൂര്‍ണമെന്റ് കാണാനെത്തിയത്. കളി നടക്കുന്ന സ്ഥലത്തിന്റെ അല്‍പ്പം അകലെ വാഹനം നിര്‍ത്തിയ സമയത്താണ് ഏതാനും പേരെത്തി അജ്‌നാസിനെ പിടികൂടിയത്. സംഘം ആദ്യം അജ്്‌നാസിന്റെ വാഹനത്തിന്റെ കാറ്റൂരി വിടുകയായിരുന്നു. കൂടെയുള്ളവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബലമായി തള്ളിമാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തു.