Tuesday, January 25, 2022
HomeNewsfeedഫിഫ അറബ് കപ്പില്‍ ഇതുവരെ വിറ്റത് അഞ്ചര ലക്ഷത്തിലേറെ ടിക്കറ്റുകള്‍; ലോക കപ്പിനുള്ള ഒരുക്കത്തില്‍ പുതു...

ഫിഫ അറബ് കപ്പില്‍ ഇതുവരെ വിറ്റത് അഞ്ചര ലക്ഷത്തിലേറെ ടിക്കറ്റുകള്‍; ലോക കപ്പിനുള്ള ഒരുക്കത്തില്‍ പുതു പാഠങ്ങള്‍

ദോഹ: 2022 ലോക കപ്പ് ഫുട്‌ബോളിനുള്ള ഒരുക്കത്തില്‍ ഫിഫ അറബ് കപ്പിലൂടെ ഖത്തര്‍ നേടിയത് നിരവധി അനുഭവ പാഠങ്ങള്‍. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതിനകം 5,60,000 ടിക്കറ്റുകളാണ് വിറ്റത്. ഇതില്‍ 89 ശതമാനവും വാങ്ങിയത് ഖത്തറിലെ താമസക്കാരാണ്.

ഖത്തറും യുഎഇയും തമ്മിലുള്ള മല്‍സരം കാണാന്‍ വേണ്ടി മാത്രം ഒഴുകിയെത്തിയത് 63,439 കാണികളാണ്.

സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഹോസ്റ്റ് കണ്‍ട്രി മൊബിലിറ്റി ഓപറേഷന്‍സ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മവലാവി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറബ് കപ്പിന്റെ ഇതുവരെയുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഖത്തറിന്റെ കായിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് എന്ന നിലയ്ക്ക് ലോക കപ്പിനുള്ള ഒരുക്കത്തിന് മികച്ച അവസരമാണ് അറബ് കപ്പ് ഒരുക്കിയതെന്ന് അല്‍ മവലാവി പറഞ്ഞു.
fifa arab cupഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമതയും ഈ ടൂര്‍ണമെന്റിലൂടെ പരീക്ഷിച്ചു. ഖത്തര്‍ റെയില്‍ ദിവസേന 71,000 യാത്രകളാണ് നടത്തുന്നത്. സാധാരണയുള്ള 17 മണിക്കൂറിന് പകരം 21 മണിക്കൂര്‍ ആണ് അറബ് കപ്പ് വേളയില്‍ ട്രെയിന്‍ ഓടുന്നത്. അശ്ഗാല്‍ 62,000 പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കി. 15 സന്ദര്‍ശക രാജ്യങ്ങള്‍ക്കായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പ്രത്യേക ടെര്‍മില്‍ തന്നെ സജ്ജീകരിച്ചിരുന്നു.

ഹയ്യാ ഫാന്‍ ഐഡിയുടെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. രണ്ട് ലക്ഷത്തോളം ഫാന്‍ ഐഡികളാണ് ടൂര്‍ണമെന്റില്‍ ഇഷ്യു ചെയ്തത്. ഇതിലൂടെ ലഭിച്ച പാഠങ്ങള്‍ 2022 ല്‍ കൂടുതല്‍ മികച്ച രീതിയില്‍ ഫാന്‍ ഐഡി നടപ്പിലാക്കാന്‍ പ്രയോജനപ്പെടുത്തും. 90 രാജ്യങ്ങളില്‍ നിന്നുള്ള 5,000ലേറെ വൊളന്റിയര്‍മാര്‍ ടൂര്‍ണമെന്റില്‍ സേവനം അനുഷ്ടിക്കുന്നു.

ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ 28 മല്‍സരങ്ങളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. സ്റ്റേഡിയം, പരിശീലന കേന്ദ്രങ്ങള്‍, ഫാന്‍ ഐഡി എന്നിവ സംബന്ധിച്ച് പ്രധാനപ്പെട്ട പല കാര്യങ്ങളും പഠിക്കാന്‍ ടൂര്‍ണമെന്റിലൂടെ സാധിച്ചതായി അധികൃതര്‍ പറഞ്ഞു.

കളികാണാനെത്തിയവരില്‍ 25 ശതമാനത്തോളം ദോഹ മെട്രോ, ഷട്ടില്‍ ബസ് സര്‍വീസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗതമാണ് ഉപയോഗിച്ചത്. സ്‌റ്റേഡിയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ പ്രതിസന്ധികളോ നേരിട്ടില്ല. സുരക്ഷാ നടപടികള്‍ എല്ലാം ആസൂത്രണം ചെയ്തതു പ്രകാരം നടപ്പിലായെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

 

Most Popular