ദോഹ: വ്യാഴാഴ്ച്ച നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിയില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യയിലെ തന്നെ കരുത്തുറ്റ ടീമുകളിലൊന്നായ സൗദി അറേബ്യയെ നേരിടും. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ യുഎഇയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഖത്തര്‍ സെമിയില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒമാനെ കീഴ്‌പ്പെടുത്തിയാണ് സൗദിയുടെ സെമിപ്രവേശനം.
കരുത്തരായ സൗദിയും ഖത്തറും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടമാണ് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. അല്‍ വക്രയിലെ ജനൂബ് സ്റ്റേഡിയത്തില്‍ വ്യഴാഴ്ച്ച വൈകീട്ട് 8 മണിക്കാണ് സെമിഫൈനല്‍.
മത്സരം കാണുന്നതിനുള്ള ടിക്കറ്റുകള്‍ ഇന്ന് (ചൊവ്വ) നാല് മണിമുതല്‍ വാങ്ങാനാവുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, സൂഖ് വാഖിഫ്, ക ത്താറ എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ വാങ്ങാം.
വ്യാഴാഴ്ച്ച ഖലീഫ സ്റ്റേഡിയത്തില്‍ ഇറാഖും ബഹ്റയ്‌നും തമ്മിലാണ് രണ്ടാം സെമി. വൈകിട്ട് 5നാണ് മത്സരം. ഡിസംബര്‍ 8 ന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ചയാണ് ഫൈനല്‍.