ദോഹ: ഖത്തറിലെ ഏറ്റവും പ്രധാന റോഡ് പദ്ധതിയായ സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ആദ്യഘട്ടം തുറന്നു. ഖത്തറിന്റെ തെക്കും വടക്കും ഭാഗങ്ങളെ ദോഹ നഗരം വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
വടക്ക് ഉം ലഖ്ബ ഇന്റര്‍ചേഞ്ച് മുതല്‍ തെക്ക് ബൂ ഹമൂര്‍ പാലം വരെയുള്ള 13 കിലോമീറ്റര്‍ ഭാഗമാണ് തുറന്നത്. 2021 ആദ്യഘട്ടത്തില്‍ പദ്ധതി പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും. ഏഴ് പുതിയ പാലങ്ങളും തുറന്നിട്ടുണ്ട്. 32 പാലങ്ങളില്‍ 21 എണ്ണമാണ് ഇതിനകം തുറന്നത്. രണ്ട് പാലം ഉം ലഖ്ബ ഇന്റര്‍ചേഞ്ചിലാണ്. അല്‍ വഅബ് ഇന്റര്‍ചേഞ്ചില്‍ മൂന്ന് പാലങ്ങളാണുള്ളത്. ഇതില്‍ 2.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏറ്റവും നീളംകൂടിയ പാലവും 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിളില്‍ ഉറപ്പിച്ച പാലവും ഉള്‍പ്പെടുന്നു.
അല്‍ ലുഖ്തയെയും അല്‍ ഗറാഫയെയും നേരിട്ട് ബന്ധിപ്പിക്കുന്ന അല്‍ ലുഖ്ത ടണലും തുറന്നു.
പദ്ധതിയുടെ ആദ്യഘട്ടം തുറന്നതോടെ ഈ റൂട്ടിലുള്ള ഗതാഗത സമയം 50 ശതമാനം കുറയും. മണിക്കൂറില്‍ 8000 വാഹനങ്ങള്‍ ഇരി ദിശയിലും സഞ്ചരിക്കാനാവും.
പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. 75 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ദോഹ എക്സ്പ്രസ് വേയില്‍ ഹമദ് വിമാനത്താവളത്തില്‍ നിന്ന് ലാന്റ്മാര്‍ക്ക് ഇന്റര്‍ചേഞ്ച് വരെ 25 കിലോമീറ്ററാണ് ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രാദേശിക അനുബന്ധ റോഡുകള്‍ മുഖേന ഇടനാഴിയുമായി ബന്ധപ്പെടുത്തും. ആകെ 37 കിലോമീറ്റര്‍ ആയിരിക്കും പദ്ധതിയുടെ ദൈര്‍ഘ്യം.
ഖത്തറിലെ ഏറ്റവും വലിയ ഇന്റര്സെക്ഷന്, ഏറ്റവും ദൈര്‍ഘ്യമേറിയ പാലം, ഇരുദിശകളിലേക്കും ഏറ്റവും ആഴത്തിലും ദൈര്‍ഘ്യവുമേറിയ ടണല്‍, കേബിളുകളാല്‍ താങ്ങിനിര്‍ത്തുന്ന ഖത്തറിലെ ആദ്യ പാലം എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Ashghal opens first phase of the Sabah Al-Ahmad Corridor