ദോഹ: ഉം ലഖ്ബ(ലാന്റ്മാര്‍ക്ക്) ഇന്റര്‍ചേഞ്ചിലെ 537 മീറ്റര്‍ നീളത്തിലുള്ള രണ്ടാമത്തെ മേല്‍പ്പാലം അശ്ഗാല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. മര്ക്കിയയില് നിന്ന് ദോഹയിലേക്ക് ഫ്രീ ഫ്ളോ ട്രാഫിക് സാധ്യമാക്കുന്നതാണ് സബാഹ് അല്‍ അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ള ഈ മേല്‍പ്പാലം.
മണിക്കൂറില്‍ 4,000 വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോവാനാവും. മര്‍ഖിയ സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്കു പോകുന്നവര്‍ക്ക് ഡൈവേര്ഷനില്ലാതെ ദോഹയിലേക്ക് ഈ മേല്‍പ്പാലം വഴി കടന്നുപോവാം. ഇത് ഇമിഗ്രേഷന്‍ ഇന്റര്‍സെക്ഷനിലെ തിരക്കു കുറയ്ക്കും.
ദുഹൈല്‍, മദീന ഖലീഫ, അല്‍ മര്‍ഖിയ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കോര്‍ണിഷില്‍ നിന്നും ദോഹയിലേക്കും 22 ഫെബ്രുവരി സ്ട്രീറ്റ് വഴി ഗറാഫയിലേക്കു പോകുന്നവര്‍ക്കും ഈ മേല്‍പ്പാലം പ്രയോജനപ്പെടും.
ഉം ലഖ്ബയിലെ 820 മീറ്റര്‍ നീളത്തിലുള്ള മേല്‍പ്പാലം തുറന്ന് രണ്ട് മാസത്തിനകമാണ് പുതിയ മേല്‍പ്പാലം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ലാന്റ്മാര്‍ക്ക് ഇന്റര്‍ചേഞ്ചിലെ 65 ശതമാനം പണികളും പൂര്‍ത്തിയായിട്ടുണ്ട്. സുപ്രധാനമായ ഈ ഭീമന് ഇന്റര്‍ചേഞ്ചിലെ ബാക്കി പണികള്‍ അതിവേഗം പൂര്‍ത്തിയായി വരികയാണെന്ന് അശ്ഗാല്‍ അറിയിച്ചു.
Content Highlights: Ashghal opens second flyover bridge at Landmark Interchange