ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലം അശ്ഗാല്‍ തുറന്നു

ദോഹ: ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് എക്‌സറ്റന്‍ഷന്റെ 2.5 കിലോമീറ്റര്‍ നീളത്തിലുള്ള കാരിയേജ് വേ അശ്ഗാല്‍ തുറന്നു. 1.7 കിലോമീറ്റര്‍ നീളത്തിലുള്ള പാലം ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലമാണിത്. നിശ്ചയിക്കപ്പെട്ടതിനും രണ്ടു മാസം നേരത്തേയാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റര്‍ചേഞ്ചിനും ജി റിങ് റോഡിലെ അബ അല്‍ സ്റ്റീല്‍ ഇന്റര്‍ചേഞ്ചിനും ഇടയിലാണ് ഈ പദ്ധതി വരുന്നത്. പുതിയ കാരിയേജ് വേ തുറന്നതോടെ ഹമദ് പോര്‍ട്ട് റോഡ്, ജി റിങ് റോഡ്, ഇന്‍ഡസ്ട്രീയല്‍ ഏരിയ റോഡ്, സല്‍വ റോഡ്, അല്‍ ഫുറൂസിയ റോഡ് എന്നിവയ്ക്കിടയില്‍ തടസ്സമില്ലാത്ത ട്രാഫിക് സാധ്യമാവും.

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് പ്രൊജക്ടിന്റെ 87 ശതമാനവും പൂര്‍ത്തിയായതായും 2020 രണ്ടാം പാദത്തോടെ ബാക്കി ഭാഗങ്ങളും പൂര്‍ത്തീകരിക്കുമെന്നും അശ്ഗാല്‍ അറിയിച്ചു. സിഗ്നലുകളോട് കൂടിയ മൂന്ന് ഇന്റര്‍സെക്ഷന്‍, സര്‍വീസ് റോഡുകള്‍, കാല്‍നടക്കാര്‍ക്കുള്ള ടണലുകള്‍, നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ പദ്ധതി.

മിസഈദ്, അല്‍ വക്‌റ, അല്‍ വുകൈര്‍ തുടങ്ങിയ ദക്ഷിണ ഭാഗത്തു നിന്നു വരുന്നവരെ ഇന്‍ഡ്‌സ്ട്രിയല്‍ ഏരിയ, സല്‍വ റോഡ്, അല്‍ ഫുറൂസിയ സ്ട്രീറ്റ് മുതല്‍ അല്‍ റയ്യാന്‍, അല്‍ ഗറാഫ വരെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് എക്സ്റ്റന്‍ഷനെന്ന് പ്രൊജക്ട് അഫയേഴ്‌സ് ഡയറക്ടര്‍ യൂസുഫ് അല്‍ ഇമാദി പറഞ്ഞു.