ദോഹ: ഖത്തറിലെ നിര്‍മാണ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം പകര്‍ന്ന് അശ്ഗാല്‍. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 400 കോടി റിയാലിന്റെ 10 പുതിയ നിര്‍മാണ പദ്ധതികള്‍ക്ക് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് കരാര്‍ ഒപ്പിട്ടു. 8,400ല്‍ കൂടുതല്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും.
രാജ്യത്തിന്റെ 10 വ്യത്യസ്ത പ്രദേശങ്ങളിലാണ് പദ്ധതികള്‍ വരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ പ്രവര്‍ത്തി ആരംഭിക്കും. 223 കിലോമീറ്റര്‍ റോഡ്, 324 കിലോമീറ്റര്‍ നടപ്പാതയും സൈക്കിള്‍ പാതയും, 20,000ലേറ പാര്‍ക്കിങ് സ്ഥലങ്ങള്‍, 192 കിലോമീറ്റര്‍ ഓവുചാല്‍, 305 കിലോമീറ്റര്‍ മഴവെള്ള-ഭൂഗര്‍ഭ ജല സംവിധാനം, 142 കിലോമീറ്റര്‍ ടിഎസ്ഇ ശൃംഖല എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
അശ്ഗാല്‍ പ്രസിഡന്റ് ഡോ. എന്‍ജിനീയര്‍ സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ അത്താന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.
രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങള്‍ പുതിയ പാര്‍പ്പിട കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയാണ് അശ്ഗാല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദുഹൈല്‍ സൗത്ത്-ഉം ലെഖ്ബ, ജെര്‍യാന്‍ നെജൈമ, അല്‍ മെശാഫ്, അല്‍ മിആറദ്-തെക്കുപടിഞ്ഞാറന്‍ മുഐതര്‍, അല്‍ എബ്ബ്-ലബൈബ്, റൗദത്ത് അല്‍ ജെഹാനിയ, അല്‍ ഖര്‍ത്തിയാത്ത്-ഇസ്ഗാവ, സിമൈസ്മ വെസ്റ്റ്, അല്‍ എദ്ഗ-അല്‍ ഹീദാന്‍-അല്‍ഖോര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വികസനപദ്ധതികള്‍ വരുന്നത്.
പെട്രോസെര്‍വ്-റോഡ് ബ്രിഡ്ജ് ജോയിന്റ് വെന്‍ച്വര്‍, ക്യുബിഎസ് കണ്‍സ്ട്രക്ഷന്‍സ്, അര്‍ബാകോണ്‍-ഇന്‍ഫ്രാ റോഡ് ട്രേഡിങ് കോണ്‍ട്രാക്ടിങ് ജോയിന്റ് വെന്‍ച്വര്‍. ഐറിസ് ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി, അല്‍ ദാര്‍വിഷ് എന്‍ജിനീയറിങ് കമ്പനി തുടങ്ങിയ കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചത്.
Content Highlights: Ashghal signs QR4bn infrastructure project contracts