ദോഹ: പൊതുമരാമത്തുവകുപ്പിന്റെ(അശ്ഗാല്‍) ചില സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇന്നു മുതല്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫീസ് ഈടാക്കി തുടങ്ങും. ഓവുചാല്‍ ഉപയോഗിക്കുന്നതിനും ശുദ്ധീകരിച്ച മലിന ജലം ഉപയോഗിക്കുന്നതിനുമാണ് ഫീസ് ഈടാക്കുക.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിന ജലം അശ്ഗാലിന്റെ ഓവുചാലിലേക്ക് തുറന്നുവിടുന്നതിന് വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. ഖത്തരി വീടുകള്‍ക്ക് ഈ സേവനം സൗജന്യമാണ്.
പ്രവാസികളുടെ വീടുകള്‍ക്ക് ഈ സേവനം ഉപയോഗിക്കുന്നതിനുള്ള ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത് കഹ്‌റമയ്ക്ക് ജലോപയോഗത്തിന് വേണ്ടി അടക്കുന്ന മാസ ബില്ലിന്റെ 20 ശതമാനമാണ്. ആദ്യ വീടിന് കണക്ഷന്‍ ചാര്‍ജായി 6,000 റിയാലും രണ്ടാമത്തെയോ അതില്‍ കൂടുതലോ ഉള്ള വീടിന് 12,000 റിയാലും കണക്ഷന്‍ ചാര്‍ജായി നല്‍കണം.
ഖത്തരികള്‍ക്ക് ആദ്യ വീട് ഓവുചാലുമായി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്. രണ്ടാമത്തെ വീടിന് 12,000 റിയാല്‍ നല്‍കണം.
എല്ലാ തരം സ്ഥാപനങ്ങള്‍ക്കും കണക്ഷന്‍ ചാര്‍ജ് 12,000 റിയാലാണ്. മലിന ജല ടാങ്കര്‍ സേവനത്തിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനു 50 റിയാല്‍ നല്‍കണം. മലിന ജലം ടാങ്കര്‍ വഴി ശുചീകരണ പ്ലാന്റില്‍ എത്തിക്കുന്നതിന് ഘന അടിക്ക് 1 റിയാല്‍ വീതം ഈടാക്കും.
ശുചീകരിച്ച ഓവുചാല്‍ വെള്ളം കൃഷി ആവശ്യത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. കൂളിങ് സംവിധാനത്തിലും ഫാക്ടറികളിലും റോഡ് പദ്ധതികളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
ഈ വെള്ളം ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങള്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. കണക്ഷന്‍ ചാര്‍ജിന് പുറമേ കൃഷി ആവശ്യത്തിന് ഒരു ഘന അടി വെള്ളത്തിന് ഒരു ദിര്‍ഹം വീതം ഈടാക്കും. മറ്റു ആവശ്യങ്ങള്‍ക്ക് 25 ദിര്‍ഹം വീതം നല്‍കണം.
Content Highlights: Ashghal to charge for foul water network services; Kahramaa bill will reflect the hike