ബിജു മേനോന്, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മരുഭൂമയിലെ ആന. ബിജു മേനോന് അറബി വേഷത്തില്‍ അഭിനയിച്ച സിനിമയിലെ പ്രധാന ഭാഗങ്ങള്‍ ഖത്തറിലാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ ബിജുമേനോന് ഒരു പുലിയുമായി വരുന്ന രംഗം ശ്രദ്ധേയമായിരുന്നു.
പുലിയുമൊത്തുള്ള ബിജുമേനോന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് അനുഭവിച്ച ടെന്‍ഷനും ഖത്തറില്‍ പുലിയിറങ്ങി വാര്‍ത്ത സൃഷ്ടിച്ച പുകിലുമൊക്കെ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ വിനയന്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.
ഖത്തറില്‍ വച്ചായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ ബിജുവേട്ടന്റെ ഇന്‍ട്രോ എങ്ങനെയായിരിക്കണം എന്നതില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ബിജുവേട്ടന് ഷെയ്ഖ് ആയാണ് വരുന്നത്. ഇന്ട്രോയില് ഒരു പുലി കൂടെ വേണമെന്നും സ്വര്‍ണ നിറത്തിലുള്ള റോള്‍ റോയ്സ് കാര്‍ വേണമെന്നും തിരക്കഥാകൃത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അവിടെ ചെന്നത് മുതല്‍ നമ്മള് പുലിയെ അന്വേഷിക്കുന്നുണ്ട്. ഷൂട്ടിങ് തീരാറായ ദിവസമാണ് പ്രൊഡക്ഷന്‍ മാനേജര്‍ പുലിയെ എത്തിച്ചത്.
ഖത്തറിലെ ഷെയ്ഖിന്റെ വീട്ടില്‍ വളര്‍ത്തുന്ന പുലിയായിരുന്നു. ചിത്രീകരണം ആരംഭിക്കാനായി ക്രൂ എത്തി. സെറ്റൊക്കെ റെഡിയാക്കി. ബിജു ചേട്ടന് മേക്കപ്പ് ഇട്ടു. എന്നിട്ടും പുലി വന്നില്ല. അതിനാല്‍ പുലി ഇല്ലാത്ത ഷോട്ടുകളൊക്കെ ചിത്രീകരിച്ചു. വൈകുന്നേരം ആറ് മണി വരെയെ ഷൂട്ട് ചെയ്യാന്‍ പറ്റൂ. നാല് മണിയോടെ പുലി വന്നു. എല്ലാവര്ക്കും കണ്ടതും പേടിയായി. വലിയ പുലിയായിരുന്നു. കൂടെ അറബിയുമുണ്ടായിരുന്നു. പേടിക്കേണ്ട വീട്ടില്‍ വളര്‍ത്തുന്ന പുലിയാണെന്നും ആറ് മാസം പ്രായമേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
പുലിയേയും കൊണ്ട് ബിജുവേട്ടന് വണ്ടിയില്‍ നിന്നിറങ്ങുന്ന ഷോട്ടെടുക്കണം. ബിജുവേട്ടന് പുലിയെയും കൊണ്ട് നടക്കണം. പുലിയുടെ അരികില്‍ ഇരിക്കണം. എല്ലാവര്‍ക്കുമെന്ന പോലെ ബിജുവേട്ടനും പേടിയുണ്ടായിരുന്നു. ഷൂട്ടിങിനിടെ പുലി മുന്നോട്ട് നടന്നു വരുമ്പോള്‍ ഞങ്ങളെല്ലാം ക്യാമറയുടെ പിന്നിലാണ്. പുലി എങ്ങോട്ടാ പോവുക എന്നൊന്നും ആര്‍ക്കും അറിയില്ല. മുന്നോട്ട് നടന്നു വരുമ്പോള്‍ ബിജുവേട്ടന് മാറ് മാറ് എന്ന് അറിയാത്ത രീതിയില്‍ പറയുന്നൊക്കെയുണ്ട്. ബിജുവേട്ടന്റെ കൈയ്യില്‍ നിന്നും പുലിയെ വാങ്ങുന്നത് വരെ ടെന്‍ഷന്‍ ആയിരുന്നു.
അങ്ങനെ അത് ചിത്രീകരിച്ചു. ഇതിനിടെ ഒരു വാര്‍ത്തയുമായി ബിജുവേട്ടന് വന്നു. ഖത്തര്‍ ടൗണില്‍ പുലിയിറങ്ങിയിട്ടുണ്ട്. അത് കൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. പിന്നെയാണ് നമ്മള് സംഭവം അറിയുന്നത്. നമ്മുടെ പുലിയായിരുന്നു അത്. പുലിയെ കൊണ്ടു വന്നത് ഒരു വാനിലായിരുന്നു. വരുന്ന വഴി വാനിന്റെ ഡോര്‍ തുറന്ന് പുലി റോഡിലേക്ക് ഇറങ്ങി. ഇതറിയാതെ വണ്ടി കുറേ മുന്നോട്ട് പോയി. ആരോ വിളിച്ച് പറഞ്ഞപ്പോഴാണ് അവര്‍ അറിയുന്നത്. പുലി റോഡരികില്‍ കിടന്ന ഒരു വണ്ടിയുടെ അടിയിലേക്ക് കയറി. വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചതോടെ റോഡ് ഒക്കെ ബ്ലോക്ക് ആയി.
വണ്ടിയുടെ അടിയില്‍ നിന്നും പുലിയെ എങ്ങിനെയൊക്കെയോ എടുത്തു കൊണ്ട് വന്നായിരുന്നു ഷൂട്ടിന് തന്നത്. വിഷയം അറിഞ്ഞതോടെ ഷൂട്ടിങ് എത്രയും പെട്ടോന്ന് പൂര്‍ത്തിയാക്കി. നമ്മുടെ പുലിയാണിത് എന്ന് അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് മനസിലാക്കി നമ്മള് അവിടെ നിന്നും പോരുകയായിരുന്നുവെന്നും വിനയന് പറഞ്ഞു.