ദോഹ: ജ്യോതിശ്ശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ റമദാന് ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഏപ്രില്‍ 12ന് ശഅബാന്‍ പൂര്‍ത്തിയാവും. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള അധികാരം ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ മൂണ്‍ സൈറ്റിങ് കമ്മിറ്റിക്കാണ്.
ഏപ്രില്‍ 12ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഖത്തര്‍ സമയം 5.31ന് ആണ് റമദാന് നിലാവ് ഉദിക്കുകയെന്ന് ശെയ്ഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഫൈസല്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. തിങ്കളാഴ്ച്ച വൈകീട്ട് 5.55ന് ആണ് സൂര്യന് അസ്തമിക്കുക. അന്നേ ദിവസം ചന്ദ്രന് അസ്തമിക്കുക 6.16ന് ആണ്. അതായത് തിങ്കളാഴ്ച്ച സൂര്യാസ്തമനത്തിന് ശേഷം 21 മിനിറ്റ് വരെ നിലാവ് കാണാന്‍ സാധിക്കും. പടിഞ്ഞാറ് ഭാഗത്തേക്കു പോകും തോറും ഇതിന് ദൈര്‍ഘ്യം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, ജ്യോതിശാസ്ത്രപരമായ ഘടകങ്ങള്‍ തുടങ്ങിയവ നിലാവ് കാണുന്നതിനെ സ്വാധീനിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
ALSO WATCH