Saturday, October 1, 2022
HomeNewsfeedവിമാനത്താവളത്തിലെ പരിശോധന; ഖത്തറിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ആസ്‌ത്രേലിയന്‍ വനിതകള്‍

വിമാനത്താവളത്തിലെ പരിശോധന; ഖത്തറിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ആസ്‌ത്രേലിയന്‍ വനിതകള്‍

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമ്മതമില്ലാതെ ശരീര പരിശോധന നടത്തിയ സംഭവത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഏഴ് ആസ്‌ത്രേലിയന്‍ വനിതകള്‍. സംഭവത്തില്‍ അധികൃതര്‍ ഔദ്യോഗികമായി മാപ്പ് പറയുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിക്കുന്നതെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

സിഡ്‌നിയിലെ നിയമ സ്ഥാപനമായ മാര്‍ക്ക് ലോയേഴ്‌സ് ആണ് സ്ത്രീകള്‍ക്ക് വേണ്ടി നിയമ നടപടിക്കൊരുങ്ങുന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ സ്ത്രീകള്‍ ഇപ്പോഴും മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ഡാമിയന്‍ സ്റ്റുസേക്കര്‍ പറഞ്ഞു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയക്കെതിരേ അടുത്ത ദിവസങ്ങളില്‍ തന്നെ ആസ്‌ത്രേലിയയില്‍ നിയമ നടപടി ആരംഭിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റസ്റ്റ് റൂമില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 13 ആസ്‌ത്രേലിയന്‍ സ്ത്രീകളെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ നിന്ന് ഇറക്കിയാണ് ഇവരെ പരിശോധിച്ചത്.

വിമാനത്താവളത്തില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ഡിപാര്‍ച്ചര്‍ ടെര്‍മിനലിലുള്ള ടോയ്‌ലറ്റിലെ ചവറ്റുകുട്ടയില്‍ നിക്ഷേപിച്ച ശേഷം വിമാനത്തില്‍ കയറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ ആരെന്ന് കണ്ടെത്താന്‍ പരിശോധന നടത്തിയത്.

അതേ സമയം, സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഖത്തര്‍ കമ്യൂണിക്കേഷന്‍ ഓഫിസ് സ്ത്രീകളുടെ അവകാശം ലഘിക്കപ്പെട്ടതിനെ അപലപിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. വനിതാ യാത്രക്കാരെ പരിശോധിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയായിരുന്നു അടിയന്തര പരിശോധനയുടെ ലക്ഷ്യം. എന്നാല്‍, അതിന്റെ ഭാഗമായി ആര്‍ക്കെങ്കിലും പ്രയാസം നേരിടുകയോ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈയേറ്റം നടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ALSO WATCH

Most Popular