ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘനം; അഞ്ച് പേര്‍ക്കെതിരെ നടപടി

qatar covid control

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ നടപടികള്‍ ലംഘിച്ചതിന് ഇന്നലെ അഞ്ച് പേര്‍ക്കെതിരെ നടപടി എടുത്തു. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. അബ്ദുല്‍ ഹദി മുഹമ്മദ് അബ്ദുല്‍ ഹദി അല്‍-ബറൈസ് അല്‍-മാരി, ജബര്‍ മുഹമ്മദ് സയ്യിദ് അല്‍-അസ്വദ് അല്‍-മാരി, മുഹമ്മദ് മുബാറക് അലി സയ്യിദ് അല്‍-സഫ്രാന്‍, ഒമര്‍ മുഹമ്മദ് ഒദേഹ് ഹിന്ദി, നദീം അബ്ബാസ് മുഹമ്മദ് ഖസീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ 1990 നിയമം നമ്പര്‍ പത്തൊമ്പത് പ്രകാരം പകര്‍ച്ച വ്യാധി നിവാരണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നിയമലംഘനം നടത്തുവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.