ബിസിനസുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

b2b network qatar press conference

ദോഹ: ഇന്ത്യന്‍ എംബസി അപക്‌സ് സംഘടനയായ ഐബിപിസിയുടെ രജിസ്‌ട്രേഷനോട് കൂടി ബിസിനസുകാരുടെ കൂട്ടായ്മ ബി2ബി നെറ്റ് വര്‍ക്ക് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മേഖലകളില്‍ സംരഭകരായിട്ടുള്ള ബിസിനസുകാരെ ഒരു കൂടക്കീഴില്‍ ചേര്‍ത്ത് നിര്‍ത്തി പരസ്പര സഹകരണത്തോട് കൂടി മുന്നേറുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബിസിനസ് രംഗത്ത് ഖത്തറിലെ നിലവിലുള്ള സാഹചര്യം വിലയിരുത്തി വ്യക്തവും സുതാര്യവുമായ മാര്‍ഗത്തിലൂടെ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം ഒരുക്കും. നയപരവും നിയമപരവുമായ വിഷയങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും.

പ്രതിവാര യോഗത്തില്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് സംരഭങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരം ലഭിക്കും. അതോടൊപ്പം അംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പരിശീലന ക്ലാസുകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒരു ബിസിനസ് മേഖലയില്‍ നിന്ന് ഒരാള്‍ എന്ന നിലയിലാരിക്കും അംഗത്വം നല്‍കുക. എംബസിയുമായി സഹകരിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ബി2ബി നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് മുഹമ്മദ് കല്ലാട്ട്, ജനറല്‍ സെക്രട്ടറി ടെനി തമ്പി, ട്രഷറര്‍ സാജു കെ ജോസ്, പബ്ലിക് റിലേഷന്‍സ് സിബി കെ സെയ്ദു, മെമ്പര്‍ഷിപ്പ് ചെയര്‍ റാസിഖ്, പ്രമോദ് വാരിയര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.