വീണ്ടും ബഹ്‌റൈന്റെ പ്രകോപനം; ഖത്തര്‍ കുടുംബത്തെ തടഞ്ഞു

qatar familly bahrain

ദോഹ: ബഹ്‌റൈന്‍ സന്ദര്‍ശിക്കാനെത്തിയ ഖത്തരി കുടുംബത്തെ കിങ് ഫഹദ് കോസ്‌വേ അതിര്‍ത്തിയില്‍ തടഞ്ഞതായി റിപോര്‍ട്ട്. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന് ശേഷം ബഹ്‌റൈന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പ്രകോപനങ്ങളില്‍ ഏറ്റവും പുതിയതാണിത്. ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിക്കണമെന്ന് പറഞ്ഞാണ് തടഞ്ഞത്. ഉപരോധത്തിന് മുമ്പ് പെര്‍മിറ്റുകളൊന്നുമില്ലാതെ ഇരു രാജ്യക്കാര്‍ക്കും സ്വതന്ത്രമായി അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞിരുന്നു. ബഹ്‌റൈന്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ജിസിസി ഉച്ചകോടിയില്‍ ഉപരോധ സമയത്തുള്ള നിയന്ത്രണങ്ങളെല്ലാം നീക്കാന്‍ തീരുമാനിച്ചിരുന്നു.

സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ബഹ്‌റൈന്‍ ഇതുവരെ ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. അല്‍ ഊല കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്ത ഒരേ ഒരു രാജ്യമാണ് നിലവില്‍ ബഹ്‌റൈന്‍.

ചൊവ്വാഴ്ച്ച ഖത്തര്‍ അമീറിന്റെ ബന്ധുവായ ഖാലിദ് ബിന് നാസര്‍ അല്‍ മിസ്‌നദിന്റെ 130 സ്വത്തുക്കള്‍ ബഹ്‌റൈന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് സ്ഥലം പിടിച്ചെടുത്തതെന്നാണ് ബഹ്‌റൈന്റെ വിശദീകരണം. ജിസിസി ഉച്ചകോടിക്ക് തൊട്ടുമുമ്പ് ബഹ്‌റൈനി ബോട്ടുകള്‍ ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ചതും വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങിനെ അതിര്‍ത്തി ലംഘിച്ച ബഹ്‌റൈനി ബോഡിബില്‍ഡറെ ഖത്തര്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.