ദോഹ: ഖത്തറിനെ രണ്ടാഴ്ച്ചക്കാലം ഫുട്ബോള്‍ ലഹരിയിലാഴ്ത്തിയ അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്. സൗദി അറേബ്യയും ബഹ്റയ്നും തമ്മിലാണ് മല്‍സരം. ദുഹൈലിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മണിക്കാണ് ഫൈനല്‍. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് വിജയികള്‍ക്കുള്ള കപ്പ് നല്‍കുക.
നവംബര്‍ 26 ന് ആരംഭിച്ച ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിനാണ് ഇന്ന് സമാപനമാകുന്നത്. സെമിയില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് സൗദിയുടെ വരവ്. എതിരാളികളായ ബഹ്റയ്ന് ശക്തരായ ഇറാഖിനെയാണ് സെമിയില്‍ മുട്ടുകുത്തിച്ചത്. രണ്ട് കരുത്തന്മാരുടെ ഏറ്റുമുട്ടലില്‍ ആര് ജയിക്കുമെന്നറിയാന്‍ കാത്തു നില്‍ക്കുകയാണ് കളിയാരാധകര്‍.
രണ്ടു വര്‍ഷത്തിനു ശേഷം ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റയ്ന്, ഈജിപത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അയയുന്നതായ സൂചനകള്‍ക്കിടെ സൗദി-ബഹ്റയ്ന് പോരാട്ടത്തിലെ വിജയികള്‍ക്ക് അമീര്‍ കപ്പ് കൈമാറാന്‍ എത്തുന്നതില്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തുടക്കത്തില്‍ ദോഹയില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച ഉപരോധ രാജ്യങ്ങള്‍ അവസാന നിമിഷമാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഗള്‍ഫ് പ്രതിസന്ധിയിലെ സ്തംഭനാവസ്ഥ നീങ്ങിയതായി കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. ഡിസംബര്‍ 10ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന സൂചനയും വരുന്നുണ്ട്.