തര്‍ക്കം അയയുന്നു; ഔദ്യോഗിക ക്ഷണവുമായി ബഹ്‌റൈന്‍ പ്രതിനിധി ഖത്തറിലെത്തി

qatar bahrain dispute

ദോഹ: ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതിന് ബഹ്‌റൈന്‍ പ്രതിനിധി ഖത്തറിലെത്തി. ജിസിസി കാര്യങ്ങളുടെ ചുമതലയുള്ള ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ വഹീദ് മുബാറക് സയ്യാര്‍ ആണ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയില്‍ നിന്നുള്ള സന്ദേശവുമായി ഖത്തറിലെത്തിയത്. ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിക്ക സന്ദേശം കൈമാറിയതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയില്‍ നടന്ന 41ാമത് ജിസിസി ഉച്ചകോടിക്ക് ശേഷം ഒരു ബഹ്‌റൈന്‍ പ്രതിനിധി ഖത്തറിലെത്തുന്നത് ആദ്യമായാണ്. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിച്ച അല്‍ ഉല കരാര്‍ പ്രഖ്യാപനത്തിന് ശേഷവും ഇരു രാജ്യങ്ങളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ബഹ്‌റൈന്‍ പ്രതിനിധിയുടെ സന്ദര്‍ശനം.

തര്‍ക്കം പരിഹരിക്കുന്നതിന് ജനുവരിയില്‍ ബഹ്‌റൈന്‍ ഖത്തറിന് ക്ഷണമയച്ചിരുന്നു. എന്നാല്‍, ഔദ്യോഗികമായി നേരിട്ട് ക്ഷണിക്കുന്നതിന് പകരം മാധ്യമങ്ങള്‍ വഴിയുള്ള ക്ഷണമായതിനാല്‍ ഖത്തര്‍ അത് നിരസിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ജലാതിര്‍ത്തിയും വ്യോമാതിര്‍ത്തിയും ലംഘിക്കുകയും ഖത്തര്‍ അമീറിന്റെ ബന്ധുവിന്റെ ബഹ്‌റൈനിലുള്ള സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്ത നടപടി ഖത്തറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക ക്ഷണവുമായി ബഹ്‌റൈന്‍ പ്രതിനിധി നേരിട്ടെത്തിയത് തര്‍ക്കപരിഹാരത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.
Bahrain sends envoy to deliver official invitation after ‘media invite’ ignored
ALSO WATCH